ഗോത്ര വിഭാഗകാർക്കായി ജില്ലയിൽ പ്രത്യേക ട്രെയിനിങ് സെന്റർ ആരംഭിക്കും: മന്ത്രി കെ.എ തുളസി
ജില്ലയിലെ ഗോത്ര-പിന്നാക്ക വിഭാഗകാർക്കായി പ്രത്യേക ട്രെയിനിങ് സെന്റർ ആരംഭിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി. പിന്നാക്ക വിഭാഗങ്ങളിലെ യുവജനങ്ങൾക്ക് തൊഴിൽ സാധ്യതകൾ ഒരുക്കി പ്രാദേശികമായി ജോലി ചെയ്യാൻ പ്രപ്തരാക്കാൻ പരിശീലനം നൽകുകയാണ് പ്രത്യേക ട്രെയിനിങ്
വയനാട് :ജില്ലയിലെ ഗോത്ര-പിന്നാക്ക വിഭാഗകാർക്കായി പ്രത്യേക ട്രെയിനിങ് സെന്റർ ആരംഭിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി. പിന്നാക്ക വിഭാഗങ്ങളിലെ യുവജനങ്ങൾക്ക് തൊഴിൽ സാധ്യതകൾ ഒരുക്കി പ്രാദേശികമായി ജോലി ചെയ്യാൻ പ്രപ്തരാക്കാൻ പരിശീലനം നൽകുകയാണ് പ്രത്യേക ട്രെയിനിങ് സെന്ററിലൂടെയെന്നും മന്ത്രി പറഞ്ഞു. മൊബൈൽ റിപ്പയറിങ്, ഇലക്ട്രിക്കൽ, വെൽഡിങ്, ബൈന്റിങ് തുടങ്ങിയ കോഴ്സുകളിൽ താമസിപ്പിച്ച് പരിശീലനം നൽകി സ്വയം തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കും.
പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്റെ വികസന പദ്ധതികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ഉപ പദ്ധതികളുടെയും പ്രവർത്തന പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ പ്ലസ് വൺ, പ്ലസ് ടു കോഴ്സുകൾക്കായി ട്യൂഷൻ ടീച്ചർമാരെ നിയമിക്കുന്നത് അടിയന്തരമായി പരിഗണിക്കും. മെന്റർ ടീച്ചർമാരുടെ നിയമന കാര്യത്തിൻ സർക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലന്നും മന്ത്രി പറഞ്ഞു. ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ബുദ്ധിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക മൊഴി രേഖപ്പെടുത്തി പരിഹാരം കാണുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകി പട്ടികവർഗ മേഖലയിലെ വികസന പ്രവർത്തനങ്ങൾ, ഭവന നിർമ്മാണ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധപുലർത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. സർക്കാർ പ്രഖ്യാപിച്ച ഭവന നിർമ്മാണ പദ്ധതിയുടെ ആദ്യ ഗഡു ഡിസംബറിലും രണ്ടാം ഗഡു ഫെബ്രുവരിയോടെയും നൽകും. അനുവദിച്ച തുക കൃത്യമായി വിനിയോഗിക്കുന്നതിന് വിവിധ വകുപ്പുകളുടെ സംയോജിത ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.