റവന്യൂ വകുപ്പ് ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നു: മന്ത്രി കെ. രാജൻ

സംസ്ഥാനത്ത് റവന്യൂ വകുപ്പ് ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതായി റവന്യൂ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. തൃശ്ശിലേരി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

വയനാട് : സംസ്ഥാനത്ത് റവന്യൂ വകുപ്പ് ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതായി റവന്യൂ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. തൃശ്ശിലേരി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും കാര്യക്ഷമമായി പ്രവർത്തിക്കാനും റവന്യൂ ഓഫീസുകൾ സ്മാർടാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ റീ-സർവേ പദ്ധതിയുടെ ഭാഗമായി 10 ലക്ഷത്തിലധികം ഭൂമിയിടങ്ങൾ അളന്ന് തിട്ടപ്പെടുത്തി. 

റവന്യൂ ഓഫീസുകളിൽ നിന്ന് ലഭ്യമാകുന്ന വിവിധ സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലൂടെ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കി. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരൊറ്റ കാർഡിൽ ലഭ്യമാക്കുന്ന റവന്യൂ കാർഡ് യാഥാർഥ്യമാകുന്ന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. റവന്യൂ ഓഫിസുകളുടെ  അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 673 പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയ്തു. 400 ലധികം വില്ലേജ് ഓഫീസുകൾ അറ്റകുറ്റപ്പണികളിലൂടെ സ്മാർട്ടാക്കി നവീകരിച്ചു. 283 പുതിയ ഓഫിസുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അധ്യക്ഷനായി. വകുപ്പുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ സേവനങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സർക്കാരെന്ന് മന്ത്രി പറഞ്ഞു.

തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ ജിതിൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം വസന്ത കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗം സി. പുഷ്പ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.കെ പുരുഷോത്തമൻ, കുര്യാക്കോസ് മുള്ളൻമട, അനിൽ വള്ളുവക്കണ്ടി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.