മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തികൾ മന്ത്രി കെ. രാജൻ വിലയിരുത്തി

ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണം അധിവേഗം പുരോഗമിക്കുകയാണെന്നും അടുത്ത മാസം  ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടത്തുമെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു

 


വയനാട് :ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണം അധിവേഗം പുരോഗമിക്കുകയാണെന്നും അടുത്ത മാസം  ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടത്തുമെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തിന് ശേഷം സർക്കാർ ഉറപ്പ് നൽകിയ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. 

മറിച്ചുള്ളതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. വീടുകൾ കൈമാറിയാൽ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തിൽ എല്ലാ പണികളും പൂർത്തിയാക്കിയാവും വീടുകൾ കൈമാറുക.കർണ്ണാടക സർക്കാർ വീട് നിർമ്മാണത്തിനായി നൽകിയത് 10 കോടി രൂപയാണ്. വീട് നിർമ്മാണത്തിന് കേന്ദ്ര സർക്കാർ പണം നൽകിയിട്ടില്ല. ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്രസർക്കാറിന് നിഷ്പ്രയാസം സാധിക്കുമെന്നിരിക്കെ കേന്ദ്ര സർക്കാർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. കടം എഴുതിത്തള്ളാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തുന്ന സെക്ഷൻ 13 എടുത്ത് കളഞ്ഞ് ദുരന്തബാധിതരെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത്. 

എന്നാൽ സംസ്ഥാന സർക്കാർ മാനുഷിക പരിഗണന നൽകി ദുരന്ത ബാധിതരെ സഹായിക്കുന്നുണ്ട്. വാടക കൃത്യമായി നൽകാനും ജീവനോപാധി നൽകാനും സംസ്ഥാന സർക്കാറിന് സാധിച്ചിട്ടുണ്ട്. കച്ചവടക്കാർക്കുണ്ടായ  നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. രാജ്യത്തെ മറ്റൊരു ദുരന്തബാധിതരേയും ഇതു പോലെ ഒരു സർക്കാരും ചേർത്ത് നിർത്തിയിട്ടില്ല. ഇതെല്ലാം വിസ്മരിച്ചാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്.