കേര പദ്ധതി: റബ്ബർ പുനർനടീലിന് കർഷകർക്ക് പരിശീലനം നൽകി
കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യു ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ആഭിമുഖ്യത്തിൽ റബ്ബർ പുനർനടീലുമായി ബന്ധപ്പെട്ട് കർഷകർക്കായി പരിശീലനവും
താമരശ്ശേരി : കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യു ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ആഭിമുഖ്യത്തിൽ റബ്ബർ പുനർനടീലുമായി ബന്ധപ്പെട്ട് കർഷകർക്കായി പരിശീലനവും രജിസ്ട്രേഷൻ പരിപാടിയും സംഘടിപ്പിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലക്ക് ഉണർവേകുന്നതിനും കർഷകർക്ക് ആശ്വാസമാകുന്നതിനും കേര പദ്ധതി പ്രവർത്തനങ്ങൾ മാതൃകാപരമായ വഴികാട്ടിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
എളേറ്റിൽ വലിയപറമ്പിൽ എളേറ്റിൽ റബ്ബർ ഉത്പാദക സംഘം പ്രസിഡന്റ് എൻ. ജെ. ജോർജ് അധ്യക്ഷത വഹിച്ചു. കേര പദ്ധതിയെക്കുറിച്ച് കേര പ്രോജക്ട് ഡെപ്യൂട്ടി റീജിയണൽ പ്രോജക്ട് ഡയറക്ടർ (നോർത്ത്) ഷീന വിശദീകരിച്ചു. റബ്ബർ ബോർഡ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസർ സി. ശോഭന, കോഴിക്കോട് റബ്ബേഴ്‌സ് മാനേജിങ് ഡയറക്ടർ മനോജ് ജോസ് എന്നിവർ സംസാരിച്ചു. കേര പുനർനടീൽ പദ്ധതിയെക്കുറിച്ച് ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ പി. പി. ഗംഗാധരൻ ക്ലാസെടുത്തു. പുനർനടീലിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് റബ്ബർ ബോർഡ് മുക്കം ഫീൽഡ് ഓഫീസർ ജിബിൻ ജോൺസൺ ക്ലാസെടുത്തു. കേര നോർത്ത് ആർ.പി.എം.യു. ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് ഇക്ബാൽ സ്വാഗതവും കേര ഫീൽഡ് ഓഫീസർ ഗീതിക മനോജ് നന്ദിയും പറഞ്ഞു.
കാലാവസ്ഥാ അനുയോജ്യമായ റബ്ബർ തൈകൾ നട്ടുപിടിപ്പിക്കുന്നതിനായി കേര പദ്ധതിയിലൂടെ കർഷകർക്ക് ഹെക്ടറിന് 75,000 രൂപ ധനസഹായം അനുവദിക്കും. ഒരു കർഷകന് പരമാവധി രണ്ട് ഹെക്ടർ വരെയാണ് ധനസഹായം ലഭിക്കുക. നൂറോളം കർഷകർ പരിശീലനത്തിൽ പങ്കെടുക്കുകയും പുനർനടീലിനായുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തതായി കേര പദ്ധതി അധികൃതർ അറിയിച്ചു.