സംസ്ഥാനത്ത് അവക്കാഡോ കൃഷിയിലൂടെ കർഷകർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കും: മന്ത്രി അഡ്വ ടി. സിദ്ദീഖ്
സംസ്ഥാനത്ത് അവക്കാഡോ കൃഷിക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി കർഷകർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്
വയനാട് : സംസ്ഥാനത്ത് അവക്കാഡോ കൃഷിക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി കർഷകർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. ലോക അവക്കാഡോ ദിനചാരണത്തിന്റെ ഭാഗമായി അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ വയനാട് കൃഷി വിജ്ഞാന കേന്ദ്രം, കാർഷിക കോളേജ്, അമ്പലവയൽ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവക്കാഡോ ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തേക്ക് പ്രതിവർഷം 1,62,200 ത്തോളം ടൺ അവക്കാഡോ ഇറക്കുമതി ചെയ്യുന്നതിലൂടെ കോടിക്കണക്കിന് രൂപ വിദേശ രാജ്യങ്ങളിലേക്ക് നൽകുകയാണ്.് അവക്കാഡോ കൃഷി പ്രോത്സാഹിപ്പിച്ച് ആവശ്യമായ ഫലം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അവക്കാഡോ, റംബുട്ടാൻ, മാംഗോസ്റ്റീൻ തുടങ്ങിയ വിദേശഫലവിളകൾ കേരളത്തിലെ കൃഷിയിടങ്ങളിൽ വിജയകരമായി ഉത്പാദിപ്പിക്കുന്നുണ്െന്നും അവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള അടിസ്ഥന സൗകര്യമൊരുക്കാൻ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്. കയറ്റുമതി നടത്തുന്ന പ്രമുഖ ഏജൻസികളുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയായതായും കയറ്റുമതി നടപടികൾ വേഗത്തിൽ പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു. ആധുനിക കാർഷിക വിജ്ഞാനവും സാങ്കേതിക വിദ്യകളും എക്സ്റ്റൻഷൻ സംവിധാനത്തിലൂടെ കർഷകരിലേക്ക് കൃത്യമായി എത്തിക്കും. ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണം, ശാസ്ത്രീയ കൃഷിരീതികൾ, വളപ്രയോഗം, കീട-രോഗ നിയന്ത്രണം, വിളവെടുപ്പ്, ശുചീകരണം, ഗ്രേഡിംഗ്, പാക്കിംഗ്, കോൾഡ് സ്റ്റോറേജ്, മൂല്യവർധനം, വിപണനം തുടങ്ങി സമഗ്രമായ സേവനങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്ന സംവിധാനമാണ് സർക്കാർ ഒരുക്കുന്നത്. അമ്പലവയൽ കേന്ദ്രീകരിച്ച് അവക്കാഡോ കൃഷിയുടെ സമഗ്ര വികസനത്തിന് മാതൃകാ സംവിധാനം രൂപീകരിച്ച് കർഷകരുടെ സാമ്പത്തിക ശാക്തീകരണത്തിന് പുതിയ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിക്കുന്ന പുതിയ ഇനങ്ങളും സാങ്കേതികവിദ്യകളും കർഷകരിലെത്തിക്കുന്നതിന് കർഷകരുടെയും കർഷകസംഘങ്ങളുടെയും പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവക്കാഡോ പാക്കേജിംഗ് ബോക്‌സ് മന്ത്രി പ്രകാശനം ചെയ്തു. ജില്ലയിലെ വിവിധ പദ്ധതികളുടെ ഭാഗമായി തിരഞ്ഞെടുത്ത മാതൃക തോട്ടങ്ങൾക്കുള്ള ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു. അവക്കാഡോ കൃഷിയെക്കുറിച്ച് കർഷകർക്കായി കാർഷിക സെമിനാറും മികച്ച അവക്കാഡോ ഫലത്തിനുള്ള മത്സരവും സംഘടിപ്പിച്ചു. എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. ബിനു പി ബോണി, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഷജീഷ് ജാൻ, ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കാർഷിക സർവകലാശാലയിലെ ഗവേഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.