ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം 

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ.

 

വയനാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വയനാട് മേപ്പാടി കുപ്പച്ചി കോളനിയിലെ 26 വയസ്സുകാരിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും തുടർന്ന് ഇവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു.

കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കൽപ്പറ്റ ജനറൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. തുടർന്ന് ആംബുലൻസ് പൈലറ്റ് സുവിലേഷ് എസ്.വി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നയൻ‌താര ജോൺസൻ എന്നിവർ സ്ഥലത്തെത്തി യുവതിയുമായി കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് യാത്രതിരിച്ചു. ആംബുലൻസ് മേപ്പാടി എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നയൻ‌താര നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. രാവിലെ 6.25നു നയൻതാരയുടെ  പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് നയൻ‌താര അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് സുവിലേഷ് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.