വനാമി ചെമ്മീന്‍ കൃഷി; പുത്തന്‍ സാധ്യതള്‍ തുറന്ന് ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍

 

കൊല്ലം : വിപണി സാധ്യതകള്‍ ഏറെയുള്ള വനാമി ചെമ്മീന്‍ കൃഷിയുടെ വിവിധ സാധ്യതകള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന- വിപണന മേളയോടനുബന്ധിച്ച് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ 'വനാമി-വരുംകാല ചെമ്മീന്‍' വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിദ്യാസമ്പന്നരായ യുവാക്കള്‍ കാര്‍ഷിക മേഖലയിലേക്ക് കടന്നു വരേണ്ടത് അനിവാര്യമാണെന്നും നൂതന സംവിധാനങ്ങളിലൂടെ മത്സ്യകൃഷിയും ചെമ്മീന്‍ കൃഷിയും സാധ്യമാക്കുന്നതിലൂടെ മത്സ്യലഭ്യതയും സ്വയംപര്യാപ്തതയും കൈവരിക്കാന്‍ സാധിക്കുമെന്നും എം എല്‍ എ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെക്സിക്കോയില്‍ നിന്നും ഇന്ത്യയിലെത്തിയ വനാമി ചെമ്മീനിന്റെ കൃഷിയുടെ രീതികളും വരുമാന സാധ്യതകളും സെമിനാറില്‍ ചര്‍ച്ചയായി. വര്‍ഷത്തില്‍ മൂന്നുതവണ വിളവെടുപ്പ് നടത്താന്‍ സാധിക്കുന്ന ഇനമാണ് വനാമി ചെമ്മീനുകള്‍. ചെമ്മീന്‍ കൃഷിയുടെ വിവിധ ഘട്ടങ്ങളും, വിപണന സാധ്യതയും സെമിനാറില്‍ പ്രതിപാദിച്ചു. വനാമി ചെമ്മീന്‍ കൃഷിയുടെ വിപണന സാധ്യതകളെക്കുറിച്ചും കൃഷി രീതികളെ കുറിച്ചും വനാമി കൃഷി വിജയകരമായി നടപ്പിലാക്കിയ മത്സ്യകര്‍ഷകര്‍ സെമിനാറില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മഞ്ജു ക്ലാസ് നയിച്ചു.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ അധ്യക്ഷനായി. ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു, മൃഗ സംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറകടര്‍ ഡോ.ഡി ഷൈന്‍കുമാര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആര്യ, മത്സ്യകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.