ഏകീകൃത കുര്‍ബാന: വിളംബര ജാഥ 15ന്

എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതയില്‍ ഏകീകൃത കുര്‍ബാന സമ്പൂര്‍ണമായി നടപ്പിലാക്കാന്‍ സഭാ നേതൃത്വം തയാറാകണമെന്നാവശ്യപ്പെട്ട് അതിരൂപതയുടെ നേതൃത്വത്തില്‍ 15ന് വിളംബര ജാഥ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 

തൃശൂര്‍: എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതയില്‍ ഏകീകൃത കുര്‍ബാന സമ്പൂര്‍ണമായി നടപ്പിലാക്കാന്‍ സഭാ നേതൃത്വം തയാറാകണമെന്നാവശ്യപ്പെട്ട് അതിരൂപതയുടെ നേതൃത്വത്തില്‍ 15ന് വിളംബര ജാഥ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പകല്‍ എട്ടിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നിന്നാരംഭിക്കുന്ന വിളംബര ജാഥ ഫാ. ജോര്‍ജ് നെല്ലിശേരി ഫ്‌ളാഗ് ഓഫ് ചെയ്യും. പോള്‍സണ്‍ കുടിയിരിപ്പില്‍ ജാഥ നയിക്കും. സഭാ ആസ്ഥാനമായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയില്‍ സമാപിക്കും. 

ചേര്‍ത്തല മരുത്തൂര്‍വട്ടം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍നിന്നാരംഭിക്കുന്ന തെക്കന്‍ മേഖലാ വിളംബര ജാഥയും ബസിലിക്ക പള്ളിയില്‍ സംഗമിക്കും. തുടര്‍ന്ന് വൈകിട്ട് ആറിന് പൊതുസമ്മേളനവും നടക്കും. മേജര്‍ അതിരൂപതയിലെ മുഴുവന്‍ പള്ളികളിലും സഭാസ്ഥാപനങ്ങളിലും കോണ്‍വെന്റുകളിലും ചാപ്പലുകളിലും ഏകീകൃത കുര്‍ബാന നടപ്പിലാക്കുക, സിനഡ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ബിഷപ്പുമാരെ സിനഡില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിളംബര ജാഥയും സമ്മേളനവും സംഘടിപ്പിക്കുന്നത്. 

സിനഡ് ആരംഭിക്കുന്ന 18നും സമാപന ദിവസത്തിലും പകല്‍ ഒമ്പതുമുതല്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിക്ക് മുന്നില്‍ കുടില്‍ കെട്ടി സത്യഗ്രഹം നടത്തുമെന്നും മേജര്‍ അതിരൂപത വിശ്വാസി കൂട്ടായ്മ ഭാരവാഹികളായ ഡോ. എം.പി. ജോര്‍ജ്ജ്, ജോസ് പാറേക്കാട്ടില്‍, ഷൈബി പാപ്പച്ചന്‍, ജോസഫ് അമ്പലത്തിങ്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.