തൃശൂരിലെക്ഷേത്രങ്ങളിലെ ഭണ്ഡാരമോഷണ കേസ് : പ്രതി പിടിയിൽ
കൊടുങ്ങല്ലൂർ മേഖലയിലെ ക്ഷേത്രങ്ങളിലെ ഭണ്ഡാരമോഷണ കേസിൽ സ്റ്റേഷൻ റൗഡി അറസ്റ്റിൽ. മേത്തല എൽതുരുത്ത് ദേശത്ത് നെല്ലിപറമ്പിൽ വീട്ടിൽ പ്രവീൺനെയാണ് തൃശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.
തൃശൂർ:കൊടുങ്ങല്ലൂർ മേഖലയിലെ ക്ഷേത്രങ്ങളിലെ ഭണ്ഡാരമോഷണ കേസിൽ സ്റ്റേഷൻ റൗഡി അറസ്റ്റിൽ. മേത്തല എൽതുരുത്ത് ദേശത്ത് നെല്ലിപറമ്പിൽ വീട്ടിൽ പ്രവീൺനെയാണ് തൃശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. കാര ശ്രീകൃഷ്ണ മാരുതി ക്ഷേത്രത്തിലേയും പടാകുളം ഉഴവത്ത് അയ്യപ്പൻ കാവ് ക്ഷേത്രത്തിലെയും ഭണ്ഡാരം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ജനുവരി പതിനഞ്ചിന് പുലർച്ചെ കാരയിലുള്ള ശ്രീകൃഷ്ണ മാരുതി ക്ഷേത്രത്തിന്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി, അമ്പല കോമ്പൗണ്ടിനുള്ളിൽ സ്ഥാപിച്ചിരുന്ന രണ്ട് ഭണ്ഡാരങ്ങളും ക്ഷേത്രത്തിന് പുറത്ത് റോഡ് അരികിലായി വച്ചിരുന്ന മറ്റൊരു ഭണ്ഡാരവും ഉൾപ്പെടെ മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തിത്തുറന്ന് ഏകദേശം പതിനായിരം രൂപ മോഷ്ടിച്ചു. ജനുവരി 25ന് രാത്രി പടാകുളം ഉഴവത്ത് അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് രണ്ടായിരം രൂപ മോഷണം നടത്തിയിരുന്നു. രണ്ട് സംഭവങ്ങളിലും സമാനമായ രീതിയിലാണ് മോഷണം നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണ സംഘം നടത്തിയ സാങ്കേതിക പരിശോധനകൾക്കും ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പ്രവീണിനെ തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രവീൺ കൊടുങ്ങല്ലൂർ, മാള, അടിമാലി പോലീസ് സ്റ്റേഷനുകളിലായി നാല് മോഷണ കേസിലുമടക്കം എട്ട് ക്രിമിനൽ കേസിലെ പ്രതിയാണ്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അരുൺ ബി.കെ., സബ് ഇൻസ്‌പെക്ടർ സാലിം കെ., ജി.എ.എസ്.ഐ. സിബി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷമീർ, സിവിൽ പോലീസ് ഓഫീസർ വിഷ്ണു സി.യു. എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.