തൃശൂര്‍ ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്കുനേരേ കൈയേറ്റം

ഗവ: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ക്ക് നേരേ കൈയേറ്റം. ഇന്നലെ വൈകിട്ടാണ് സംഭവം.

 

തൃശൂര്‍: ഗവ: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ക്ക് നേരേ കൈയേറ്റം. ഇന്നലെ വൈകിട്ടാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റ് ചികിത്സ തേടിയെത്തിയ പോട്ടൂര്‍ സ്വദേശിയായ യുവാവാണ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ മര്‍ദിച്ചത്.

പരുക്കേറ്റ് എത്തിയ അമ്മയേയും മകളെയും പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു ഡോക്ടര്‍. എന്നാല്‍ താന്‍ എത്തിയിട്ട് 15 മിനിറ്റ് കഴിഞ്ഞുവെന്നും തന്റെ പരുക്കുകള്‍ പരിശോധിക്കണമെന്ന് പറഞ്ഞ് യുവാവ് ബഹളം വയ്ക്കുകയും മൊബൈല്‍ വഴി ഫേസ്ബുക്കിലൂടെ  ലൈവായി ഡോക്ടര്‍മാരെ ചീത്ത പറയുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന യുവ വനിതാ ഡോക്ടറുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടറുടെ മുഖത്ത് യുവാവ് അടിക്കുകയായിരുന്നു. ഓടിക്കൂടിയ സുരക്ഷാ ജീവനക്കാരും മറ്റു  രോഗികളുടെ ഒപ്പം ഉള്ളവരും ചേര്‍ന്നാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. ഇതിനിടയില്‍ യുവാവിനും മര്‍ദനം ഏറ്റതായി പറയുന്നു. മെഡിക്കല്‍ കോളജ് പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. അസ്ഥിരോഗ വിഭാഗത്തിലെ ഡോ. രോഹന്‍ എന്ന പി.ജി. വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.