പോലീസിനെ കബളിപ്പിച്ച് ആശുപത്രിയില്‍ നിന്നും മുങ്ങിയ പ്രതിയെ പിടികൂടി
അടിപിടിയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആളുടെ മൊഴിയെടുക്കാന്‍ എത്തിയ ചിറ്റൂര്‍ പോലീസിനെ കണ്ട് മൊഴി നല്‍കാന്‍ തയാറാകാതെ പോലിസിനെ കബളിപ്പിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും മുങ്ങിയ ആളെ പോലീസ് പുലര്‍ച്ചെ തൃശൂര്‍ നഗരത്തില്‍ നിന്നും പിടികൂടി.
തൃശൂര്‍: അടിപിടിയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആളുടെ മൊഴിയെടുക്കാന്‍ എത്തിയ ചിറ്റൂര്‍ പോലീസിനെ കണ്ട് മൊഴി നല്‍കാന്‍ തയാറാകാതെ പോലിസിനെ കബളിപ്പിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും മുങ്ങിയ ആളെ പോലീസ് പുലര്‍ച്ചെ തൃശൂര്‍ നഗരത്തില്‍ നിന്നും പിടികൂടി. വധശ്രമ കേസടക്കം വിവിധ കേസില്‍ പ്രതിയായ പിടികിട്ടാ പുള്ളി ചിറ്റൂര്‍ സ്വദേശി മോഹനന്‍ (51) ആണ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡില്‍നിന്നും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
നാട്ടില്‍ വച്ചുണ്ടായ അടിപിടിയില്‍ പരുക്കേറ്റാണ് ഇയാള്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതര്‍ നിയമാനുസൃതമായ നടപടി ക്രമങ്ങളുടെ ഭാഗമായി റിപ്പോര്‍ട്ട് പോലീസിനെ അറിയിച്ചു. ഇതേതുടര്‍ന്ന് വാദിയുടെ മൊഴിയെടുക്കാന്‍ ചിറ്റൂര്‍ പോലീസ് എത്തിയപ്പോളാണ് വാദി തങ്ങള്‍ അന്വേഷിച്ച് നടക്കുന്ന പ്രതിയാണെന്ന് മനസിലായത്.
മൊഴിയെടുക്കാനെത്തിയ പോലീസിനെ കണ്ടാണ് ഇയാള്‍ മുങ്ങിയത്. ചിറ്റൂര്‍ പോലീസ് ഇക്കാര്യം മെഡിക്കല്‍ കോളജ് പോലീസിനെ അറിയിച്ചു. ഇരു കൂട്ടരും പ്രതിയെ തപ്പിനടന്നുവെങ്കിലും കണ്ടെത്തിയില്ല. വ്യാഴാഴ്ച പുലര്‍ച്ചെ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍നിന്നും ചിറ്റൂര്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് പാലക്കാടെത്തിച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.