വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച
സര്‍പ്പക്കാവിലും
തൃശൂര്‍: വടക്കാഞ്ചേരി ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നു പണം കവര്‍ന്നു. ഗുരുതി തറയ്ക്ക് മുന്നിലെ ഭണ്ഡാരമാണ് തുറന്നു പണം കവര്‍ന്നത്.
സര്‍പ്പക്കാവിലും ആല്‍ത്തറയിലുമുള്ള ഭണ്ഡാരങ്ങളുടെ ഓരോ പൂട്ടുകള്‍ തകര്‍ത്തെങ്കിലും രണ്ടാമത്ത ലോക്ക് തുറക്കാനായില്ല. രാത്രി രണ്ടിന് മുന്നേയാണ് കവര്‍ച്ച നടന്നത്. സി.സി.ടിവിയില്‍ മോഷ്ടാവിന്റെ ചിത്രം തെളിഞ്ഞിട്ടുണ്ട്. രാത്രി പട്രോള്‍ നടത്തുന്ന പോലീസ് ക്ഷേത്രത്തിലെ ബീറ്റ് രജിസ്റ്റര്‍ ബുക്കില്‍ രണ്ടിന് എത്തിയതായി രേഖപ്പെടുത്തിയിരുന്നു.
ക്ഷേത്രത്തില്‍ രാത്രി രണ്ടു കാവല്‍ക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും അറിഞ്ഞില്ലെന്നാണ് പറയുന്നത്. പുലര്‍ച്ചെ നട തുറക്കാനെത്തിയ മേല്‍ശാന്തി ഗോപാലകൃഷ്ണയ്യരാണ് ഭണ്ഡാരം തുറന്നുകിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് ദേവസ്വം ബോര്‍ഡ് മെംബര്‍ പ്രേമരാജ് ചൂണ്ടലാത്തും ഉദ്യോഗസ്ഥരും എത്തി. 10 ദിവസം മുമ്പ് ഭണ്ഡാരങ്ങള്‍ തുറന്നു ദേവസ്വം പണം എടുത്തിരുന്നു. 5000 രൂപ നഷ്ടപ്പെട്ടിരിക്കാമെന്നാണ് നിഗമനം.
പോലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. റിജിന്‍ അറിയിച്ചു. ക്ഷേത്രത്തിന്റെ തൊട്ടു പുറകില്‍ റെയില്‍വേ ട്രാക്കാണ്. ട്രെയിന്‍ പോകുമ്പോഴാണ് മോഷ്ടാവ് കവര്‍ച്ച നടത്തുന്നത്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെ ശ്രീകോവിലിനു മുന്നിലെ ഓട്ടു ദീപസ്തംഭം തകര്‍ത്ത് മോഷ്ടാക്കള്‍ കൊണ്ടുപോയിരുന്നു.