പന്നിയങ്കര ടോൾ: പ്രതിഷേധവുമായി നാട്ടുകാർ
മണ്ണുത്തി-വടക്കഞ്ചേരി ആറുവരി ദേശീയപാതയിലെ പന്നിയങ്കര ടോൾ കമ്പനി ജനദ്രോഹനടപടികളാണ് കൈക്കൊള്ളുന്നത് എന്നാരോപിച്ച് പ്രതിഷേധസമരവുമായി സംയുക്ത സമര സമിതി.
തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ആറുവരി ദേശീയപാതയിലെ പന്നിയങ്കര ടോൾ കമ്പനി ജനദ്രോഹനടപടികളാണ് കൈക്കൊള്ളുന്നത് എന്നാരോപിച്ച് പ്രതിഷേധസമരവുമായി സംയുക്ത സമര സമിതി. പ്രതിഷേധം ശക്തമായതോടെ തൽസ്ഥിതി തുടരാൻ ടോൾ കമ്പനി അധികൃതർ തയ്യാറായി. കഴിഞ്ഞ ശനിയാഴ്ച മുതൽ ടോൾ പ്ലാസയിൽ ആർ.സി ബുക്ക് കാണിച്ച് പാസ് പുതുക്കാത്ത പ്രദേശവാസികളുടെ സൗജന്യം നിർത്തലാക്കുമെന്ന് കരാർ കമ്പനി പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് ആ തീരമാനം മരവിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി പ്രദേശവാസികളിൽ നിന്ന് പിരിച്ചെടുത്ത പണം തിരിച്ചു നൽകുമെന്ന് അധികൃതർ ഉറപ്പു നൽകി. ഇനി ഒരു കൂടിയാലോചന കൂടാതെ തീരുമാനങ്ങൾ നടപ്പാക്കുകയില്ലെന്ന് കമ്പനി ഉറപ്പ് നൽകി. പ്രതിഷേധത്തിന് സമര സമിതി ഭാരവാഹികളായ ജോർസി ജോസഫ്, സുരേന്ദ്രൻ, സായോ, ജിൻസ്, വിജയൻ പന്നിയങ്കര എന്നിവർ നേതൃത്വം നൽകി.
കുടുംബസമേതം യാത്ര ചെയ്ത പ്രദേശവാസിയുടെ വാഹനം കഴിഞ്ഞദിവസം ടോൾ പ്ലാസയിൽ തടഞ്ഞിട്ടതിനെത്തുടർന്നാണ് പ്രതിഷേധം ശക്തമായത്. ചുവട്ടുപാടം സ്വദേശിയുടെ കാറാണ് തടഞ്ഞു വെച്ചത്. പണം നൽകാതെ പോകാനാവില്ലെന്നായിരുന്നു കരാർ കമ്പനിയുടെ നിലപാട്. അതിനെതിരേ വാഹന ഉടമ പോലീസിൽ പരാതിപ്പെട്ടു. ഹൈവേ പോലീസ് എത്തി ചർച്ച നടത്തിയാണ് വാഹനം പോകാനനുവദിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ ഒമ്പതിന്് വടക്കഞ്ചേരിയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനത്തിന് വിരുദ്ധമാണ് കരാർ കമ്പനിയുടെ നടപടി. കെ. രാധാകൃഷ്ണൻ എം.പി, പി.പി. സുമോദ് എം.എൽ.എ, ജില്ലാ കലക്ടർ, എ.ഡി.എം എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശവാസികൾക്ക് യാത്രാ സൗജന്യമനുവദിക്കാൻ തീരുമാനമായത്.
ടോൾപ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്ന് ടോൾ പരിക്കുന്നതിനെതിരെ വടക്കഞ്ചേരി ജനകീയ വേദിയും കേരള വ്യാപാരി സംരക്ഷണ സമിതിയും ടോൾ കേന്ദ്രത്തിന് മുൻപിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. ജനകീയ വേദി ചെയർമാൻ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു. വ്യാപാരി സംരക്ഷണ സമിതി പ്രസിഡന്റ് സി.കെ. അച്ചുതൻ അധ്യക്ഷനായി. ജനകീയ വേദി ജനറൽ കൺവീനർ ജിജോ അറയ്ക്കൽ, വൈസ് ചെയർമാൻ സുരേഷ് വേലായുധൻ, സതീഷ് ചാക്കോ, വി.എ. അബ്ദുൾ കലാം, മോഹനൻ പള്ളിക്കാട്, ഷിബു ജോൺ, സഫർ ഇമ്മേരിയാസ്, കെ. ശിവദാസ് എന്നിവർ പ്രസംഗിച്ചു. സർവ്വകക്ഷി യോഗ തീരുമാനങ്ങൾ അട്ടിമറിച്ച ടോൾ കമ്പനിക്കെതിരെ ജനപ്രതിനിധികൾക്കും ജില്ലാ കലക്ടർക്കും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനും ഇന്ന് പരാതി നൽകും.