പാലക്കാട് വയോധികയെ ആക്രമിച്ച് മാല കവര്‍ച്ച: പ്രതി അറസ്റ്റില്‍

വയോധികയെ ആക്രമിച്ച് രണ്ട് പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. നവക്കോട് കൊടുന്തിരപ്പുള്ളി സ്വദേശി ഇല്യാസിനെയാണ് (39) ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്

 

പാലക്കാട്:  വയോധികയെ ആക്രമിച്ച് രണ്ട് പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. നവക്കോട് കൊടുന്തിരപ്പുള്ളി സ്വദേശി ഇല്യാസിനെയാണ് (39) ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. പുടൂര്‍ പുഴയുടെ സമീപത്ത് താമസിക്കുന്ന അറുപതുകാരിയാണ് ഈ മാസം 23ന് പുലര്‍ച്ചെ അഞ്ചരയോടെ അക്രമത്തിന് ഇരയായത്. പെയിന്റിങ് തൊഴിലാളിയായ ഇല്യാസ് നിലവില്‍ കരിയങ്കോട്ട് വാടകയ്ക്ക് താമസിച്ചു വരികയാണ്.

തൊഴുത്തില്‍ പശുവിനെ കറന്നു കൊണ്ടിരിക്കുമ്പോഴാണ് വയോധികയ്‌ക്കെതിരേ അക്രമമുണ്ടായത്. പിന്നിലൂടെ എത്തിയ പ്രതി കല്ലുകൊണ്ട് തലയ്ക്ക് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അവരുടെ മാല പൊട്ടിച്ച് ഇല്യാസ് സ്ഥലം വിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ആണ് വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന് അപകടകരമാവും വിധത്തിലുള്ളതായിരുന്നു തലയിലെ മുറിവ്.

സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പ്രദേശത്ത് സി.സി.ടി.വി ക്യാമറകള്‍ കുളവായതും പുഴയുടെ സാമീപ്യവും പോലീസിന് വെല്ലുവിളിയായി. തുടക്കത്തില്‍ ഒരു ബൈക്കിന്റെ നിഴല്‍ മാത്രമാണ് സൂചനയായി ലഭിച്ചത്. അതിന്റെ ചുവടു പിടിച്ച് സഞ്ചാരദിശയിലുള്ള ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. നേരത്തേ പരാതിക്കാരിയുടെ വീടിനടുത്താണ് പ്രതി താമസിച്ചിരുന്നത്.പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.എസ്.എച്ച്.ഒ പ്രമോദ്, എസ്.സി.പി.ഒമാരായ കെ.പി. മനീഷ്, കെ. സുധീര്‍, എം. രാജേഷ്, അജേഷ്, സി. മൈഷാദ്, ഷമീര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.