എല്ലാ വകുപ്പുകളും മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ഊർജിതമാക്കണം: മന്ത്രി ഒ.ജെ. ജനീഷ്
മഴക്കാലത്തെ നേരിടാൻ വേണ്ട മുന്നൊരുക്കപ്രവർത്തനങ്ങൾ എല്ലാ വകുപ്പുകളും അടിയന്തരമായി പൂർത്തിയാക്കണമെന്ന് കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു
തൃശ്ശൂർ : മഴക്കാലത്തെ നേരിടാൻ വേണ്ട മുന്നൊരുക്കപ്രവർത്തനങ്ങൾ എല്ലാ വകുപ്പുകളും അടിയന്തരമായി പൂർത്തിയാക്കണമെന്ന് കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ ജില്ലാകളക്ടറേറ്റിൽ വിളിച്ചു ചേർത്ത വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാല കെടുതികൾ പൊതുജനങ്ങളെ യാതൊരു വിധത്തിലും ബാധിക്കാതിരിക്കാനുള്ള എല്ലാ നടപടികളും എല്ലാ വകുപ്പുകളും അടിയന്തരമായി സ്വീകരിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
മഴക്കാലപൂർവ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ദുരന്തനിവാരണ വിഭാഗത്തിൻ്റെ നാല് യോഗങ്ങളും നാല് റിവ്യു മീറ്റിംഗുകളും ഇതിനകം ചേർന്നിട്ടുണ്ടെന്നും അടിയന്തര നടപടികൾക്ക് എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ യോഗത്തിൽ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ സ്വീകരിക്കേണ്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുക, ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രവുമായി ബന്ധപ്പെട്ട സജജീകരണങ്ങൾ പ്രവർത്തനക്ഷമമാണെന്നുറപ്പിക്കുക, ദ്രുതകർമ സേനകളെ സജ്ജമാക്കുക, ജില്ലയിലെ തോടുകളിലെയും കനാലുകളിലെയും നീരൊഴുക്ക് സുഗമമാക്കുക, നാഷണൽ ഹൈവേകളിൽ നിലവിലുള്ള അപകടാവസ്ഥകൾ പരിഹരിക്കുക, വിവിധ വകുപ്പുകളുടെ കീഴിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുക, മേജർ മൈനർ കനാലുകൾ, തോടുകൾ, ഡാമുകൾ, എന്നിവയുടെ ഷട്ടറുകളും കമാൻ്റോ മുഖത്തെ ഷട്ടറുകളും ഉചിതമായി പ്രവർത്തിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങി അടിയന്തര നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് മുൻയോഗങ്ങളിൽ നൽകിയിരുന്നതായി ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.
മേജർ ഇറിഗേഷൻ്റെ കീഴിലുള്ള പീച്ചി, ചിമ്മിനി, വാഴാനി ഡാമുകളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്നും ഷട്ടറുകൾ പൂർണമായും പ്രവർത്തനക്ഷമമാണെന്നും അധികൃതർ യോഗത്തെ അറിയിച്ചു.
ജില്ലയിലെ 94 തദ്ദേശ സ്ഥാപനങ്ങളിലെ 1920 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അറിയിച്ചു. ദുരിത ബാധിത മേഖലാ പ്രദേശങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ, കിടപ്പുരോഗികൾ, എന്നിവ സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏതു സാഹചര്യത്തെയും ഫല പ്രദമായി നേരിടാൻ പോലീസ്, ഫയർഫോഴ്സ്, ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവ സജ്ജമാണെന്ന് യോഗത്തെ അറിയിച്ചു.
നാഷണൽ ഹൈവേകളിൽ നിലവിലുള്ള അപകട സാഹചര്യങ്ങൾക്ക് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് മന്ത്രി നാഷണൽ ഹൈവേ അതോറിറ്റിക്ക് നിർദ്ദേശം നൽകി. നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന മണ്ണും കല്ലും പാടശേഖരങ്ങളിലും തോടുകളിലും അടിഞ്ഞു കൂടിക്കിടക്കുന്നതിനാൽ പാടശേഖരങ്ങൾ കൃഷിയോഗ്യമല്ലാതായിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് പറഞ്ഞു. റോഡ് നിർമാണത്തിൻ്റെ ഭാഗമായി താഴ്ന്നു പോയ പ്രദേശങ്ങളിലെ വീട്ടുകളിലേക്ക് വെള്ളം കയറുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളുണ്ടെന്ന് ഇതിന് ഉടൻ പരിഹാരമുണ്ടാവണമെന്നും മന്ത്രി നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടു. നാഷണൽ ഹൈവേയിലെ തിരക്കുള്ള പ്രദേശങ്ങളിലും സ്കൂൾ പരിസരങ്ങളിലും ട്രാഫിക് വാർഡൻമാരെ നിയോഗിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സിറ്റി, റൂറൽ പോലീസ് മേധാവിമാർ, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് വിദ്യുച്ഛക്തി ബോർഡ്, ഫിഷറീസ്, പൊതുമരാമത്ത് (നിരത്ത് ), കേരള റോഡ് ഫണ്ട് ബോർഡ്, പൊതു വിതരണ വകുപ്പ്, ജില്ലാ ലേബർ ഓഫീസ്, വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്ത് മഴക്കാല പൂർവ മുന്നൊരുക്ക പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.