പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ഫെബ്രുവരി 28 മുതൽ പൊതുജനങ്ങൾക്കും പ്രവേശനം: മന്ത്രി കെ. രാജൻ
പുത്തൂർ സുവോളജിക്കൽ പാർക്ക് ഫെബ്രുവരി 28 ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. പുത്തൂർ സുവോളജിക്കൽ പാർക്ക് അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തൃശ്ശൂർ: പുത്തൂർ സുവോളജിക്കൽ പാർക്ക് ഫെബ്രുവരി 28 ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. പുത്തൂർ സുവോളജിക്കൽ പാർക്ക് അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി 28 ന് രാവിലെ എട്ടിന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും റവന്യു വകുപ്പ് മന്ത്രി കെ. രാജനും മറ്റ് മന്ത്രിമാരും ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരിക്കും സുവോളജിക്കൽ പാർക്കിലേക്ക് പൊതുജനങ്ങളുടെ ആദ്യ സന്ദർശനം.
14 ആവാസ വ്യവസ്ഥകളിലേക്കാണ് വിവിധ മൃഗങ്ങൾ എത്തിയത്. തൃശ്ശൂർ മൃഗശാലയിലെ മാനുകൾ, കടുവ, കാട്ടുപോത്ത്, ചീങ്കണ്ണികൾ, സിംഹവാലൻ കുരങ്ങുകൾ ഉൾപ്പെടെ 330 മൃഗങ്ങളെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത്. ജിറാഫ് ഉൾപ്പെടെയുള്ള വിദേശ മൃഗങ്ങളെ കൊണ്ടുവരുന്നതിലേക്കു നാലു കോടി രൂപ അഡ്വാൻസ് നൽകിയതായും മന്ത്രി പറഞ്ഞു.
സൂവോളജിക്കൽ പാർക്കിലെത്തുന്നവർക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനായി കഫെറ്റീരിയയും നാലു ഫുഡ് കിയോസ്‌ക്കുകളും ടോയ്‌ലറ്റ് ബ്ലോക്കുകളും സജ്ജമായതായും മന്ത്രി പറഞ്ഞു. പെറ്റിങ് സൂ 2026 മാർച്ച് മാസത്തിൽ പണി തുടങ്ങി മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും സുവോളജിക്കൽ പാർക്കിലേക്കുള്ള പ്രവേശനം. മറ്റ് മൃഗശാലകളിലെ പോലെ തന്നെ തിങ്കളാഴ്ചകളിൽ സുവോളജിക്കൽ പാർക്കിനും അവധിയായിരിക്കും. ഹൈ പവർ കമ്മിറ്റി യോഗം ചേർന്ന് പ്രവേശന ടിക്കറ്റ് നിരക്കുകൾ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. മുതിർന്നവർക്ക് 100 രൂപയും 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 30 രൂപയും മുതിർന്ന പൗരന്മാർക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികൾക്ക് പ്രവേശനം സൗജന്യവുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹെഡ് മാസ്റ്ററുടെയോ പ്രിൻസിപ്പലിന്റെയോ അനുമതിയോടെ സ്‌കൂൾ യൂണിഫോമിൽ ഗ്രൂപ്പായി വരുന്ന വിദ്യാർത്ഥികൾക്ക് ഇളവുകളോടെയുള്ള പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. കിന്റർഗാർട്ടൻ, എൽകെജി, യുകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലുള്ള വിദ്യാർത്ഥികൾക്ക് 30 രൂപ നിരക്കിലും 20 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക അല്ലെങ്കിൽ ജീവനക്കാരൻ എന്ന നിലയിൽ ഒരാൾക്ക് 30 രൂപ നിരക്കിലും പ്രവേശനം അനുവദിക്കും.
ഇരുചക്രവാഹനങ്ങളുടെ പാർക്കിങിനായി 25 രൂപയും ഓട്ടോറിക്ഷകൾക്ക് 30 രൂപയും കാർ അല്ലെങ്കിൽ ജീപ്പ് എന്നിവയ്ക്ക് 100 രൂപയും 32 സീറ്റുകൾ വരെയുള്ള വാൻ അല്ലെങ്കിൽ ടെമ്പോ അല്ലെങ്കിൽ മിനി ബസ് എന്നിവയ്ക്ക് 175 രൂപയും ബസ്സുകൾക്ക് 250 രൂപയും പാർക്കിംഗ് ഫീസായി നൽകണം. സ്റ്റിൽ ക്യാമറയ്ക്ക് 350 രൂപയും വീഡിയോ ക്യാമറയ്ക്ക് 750 രൂപയും ക്ലോക്ക് റൂമിന് 25 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്.
സുവോളജിക്കൽ പാർക്ക് ചുറ്റിക്കാണുന്നതിനായി കെ.എസ്.ആർ.ടി.സി.യുടെ രണ്ട് നോൺ എ.സി ഇലക്ട്രിക്ക് ബസ്സുകൾ സജ്ജമായതായും മന്ത്രി പറഞ്ഞു. ഈ ബസ്സുകളിൽ മുതിർന്നവർക്ക് 50 രൂപയും അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 25 രൂപയുമായിരിക്കും ടിക്കറ്റ് നിരക്കെന്നും മന്ത്രി അറിയിച്ചു.
സുവോളജിക്കൽ പാർക്കിന്റെ നടത്തിപ്പിനായി അഡൈ്വസറി കമ്മിറ്റിയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഗവേർണിംഗ് ബോഡിയും ഉൾപ്പടെയുള്ള ഒരു സൊസൈറ്റി ആയിരിക്കും പ്രവർത്തിക്കുക. ആ സൊസൈറ്റിയിൽ രാഷ്ട്രീയപരമായ തിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ല. വകുപ്പ് മന്ത്രി അധ്യക്ഷനായി പ്രസ്തുത പോസ്റ്റുകളിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ചുമതല നൽകിക്കൊണ്ടായിരിക്കും സൊസൈറ്റിയുടെ രൂപകൽപ്പനയെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയോടൊപ്പം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, സ്‌പെഷ്യൽ ഓഫീസർ കെ.ജെ. വർഗ്ഗീസ്, പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ നാഗരാജ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.