തൃശ്ശൂർ ജില്ലയിൽ  6794 വനഭൂമി പട്ടയങ്ങൾ നൽകി: മന്ത്രി കെ രാജൻ  

കേരള ചരിത്രത്തിൽ ആദ്യമായി ചുരുങ്ങിയ കാലയളവിൽ ജില്ലയിൽ  6794 വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യാൻ സർക്കാരിന് സാധിച്ചുവെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.  തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

തൃശ്ശൂർ : കേരള ചരിത്രത്തിൽ ആദ്യമായി ചുരുങ്ങിയ കാലയളവിൽ ജില്ലയിൽ  6794 വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യാൻ സർക്കാരിന് സാധിച്ചുവെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.  തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

  ഉടമസ്ഥർ വരാത്തതുകൊണ്ട് മാത്രം 600 പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിക്കാതിരിക്കുന്നുണ്ട്. പലതവണ വില്ലേജുകളിൽ ഹിയറിങ് നടത്തിയും പേരുകൾ പ്രസിദ്ധീകരിച്ചും ഉടമസ്ഥർ വരണമെന്ന് അഭ്യർത്ഥിച്ചതുമാണ്. ഉടമസ്ഥരെ കണ്ടെത്താൻ കഴിയുന്നില്ല എന്ന കാരണം ഒഴിച്ചാൽ സംസ്ഥാനത്ത് അതിവേഗം പട്ടയവിതരണം സാധ്യമാകുന്നുണ്ട്.150 വനഭൂമി പട്ടയങ്ങൾ നിലവിൽ വിതരണത്തിനായി തയ്യാറായിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ബൃഹത്തായ പ്രശ്നമാണ് വനഭൂമി പട്ടയവുമായി ബന്ധപ്പെട്ടത്. കേരള ഗവൺമെന്റിന്റെയും കേന്ദ്രഗവൺമെന്റിന്റെയും അനുമതിയോടെ മാത്രമേ പട്ടയങ്ങൾ അനുവദിക്കു. അതുകൊണ്ടുതന്നെ  15 വർഷങ്ങൾക്ക് മുൻപ് കേന്ദ്ര ഗവൺമെന്റിലേക്ക് അയച്ച് രേഖകൾ കൃത്യമല്ലയെന്ന കാരണത്താൽ അനാഥമായി കിടന്ന ജില്ലയിലെ 4700  പട്ടയങ്ങൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഫയലുകൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ടീമുകൾ സംയുക്തമായി തുടർ പരിശോധന നടത്തി  എല്ലാ രേഖകളും  കൃത്യമാക്കി 4123 പട്ടയ വിവരങ്ങൾ കേന്ദ്ര അനുമതിക്ക് വേണ്ടി പരിവേഷ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞുവെന്നും അനുമതി ലഭിച്ചു കഴിഞ്ഞാൽ 980 ഹെക്ടർ ഭൂമി വനമേഖലയിലുള്ളവരുടെ  കൈകളിലേക്കെത്തുമെന്നും മന്ത്രി പറഞ്ഞു.

1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറിയവർക്ക്  പട്ടയം അനുവദിക്കുന്നതിന് ജില്ലയിൽ 9355 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഈ അപേക്ഷകളിൽമേൽ സംയുക്ത പരിശോധന നടത്തുന്നതിനുള്ള കാല പരിധി ദീർഘിപ്പിക്കുകയും, സംയുക്ത പരിശോധന നടത്തുന്നതിന് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. മാർഗ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തലപ്പിള്ളി, തൃശൂർ, കുന്നംകുളം താലൂക്കിന് കീഴിൽ വരുന്ന അപേക്ഷകളിൽ സംയുക്ത പരിശോധന നടപടികൾ സ്വീകരിക്കുന്നതിന് തൃശൂർ വനഭൂമി സ്പെഷ്യൽ തഹസിൽദാറിനെയും ചാലക്കുടി, മുകുന്ദപുരം തൂലൂക്കിന് കീഴിൽ വരുന്ന അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നതിന്  തൃശൂർ ലാൻഡ് അസൈൻമെന്റ് തഹസിൽദാറിനെയും ചുമതലപെടുത്തിയിട്ടുണ്ട്. തലപ്പിള്ളി -1774, തൃശൂർ -5748, കുന്നംകുളം -25, മുകുന്ദപുരം -25, ചാലക്കുടി -1783 എന്നിങ്ങനെയാണ് ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ  ലഭ്യമായിട്ടുള്ള അപേക്ഷകൾ.

ഒളകര ഉന്നതിയിലെ 44 കുടുംബങ്ങൾക്ക് ഒന്നര ഏക്കർ ഭൂമി വീതം നൽകിയതും വനഗ്രാമങ്ങളെ റവന്യൂ ഗ്രാമങ്ങളാക്കി പരിവർത്തിച്ചതും സർക്കാർ നേട്ടമാണ്. വനനിയമത്തിൽ ഉൾപ്പെടുന്ന വകുപ്പുകൾ പ്രകാരമാണ് റവന്യൂ ഗ്രാമങ്ങളാക്കി മാറ്റുന്നത്. സംസ്ഥാനത്ത് 569 വന ഗ്രാമങ്ങളെ റവന്യൂ ഗ്രാമങ്ങളാക്കി മാറ്റി റവന്യൂ ടാക്സ് അടയ്ക്കാനുള്ള അനുമതിയും  നൽകുമെന്നും മന്ത്രി അറിയിച്ചു.

18 പട്ടയങ്ങൾ മാത്രം വിതരണം ചെയ്തിരുന്നിടത്ത്  സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഏകദേശം  നാലര ലക്ഷം പട്ടയങ്ങൾ ഉടമസ്ഥരിലേക്കെത്തിക്കാൻ  കഴിഞ്ഞത് ചരിത്രനേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്ര സമ്മേളനത്തിൽ മന്ത്രിക്കൊപ്പം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും  പങ്കെടുത്തു.