പുത്തന്‍കുളം നവീകരണ പദ്ധതിയിലെ ക്രമക്കേട്: കരാറുകാരനും എന്‍ജിനീയർമാർക്കും കഠിന തടവ്
ചാലക്കുടി മുനിസിപ്പാലിറ്റി ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പുത്തന്‍കുളം നവീകരണ പദ്ധതിയില്‍ ക്രമക്കേട് നടത്തിയ കരാറുകാരനെയും അസിസ്റ്റന്റ് എന്‍ജിനീയറെയും മുനിസിപ്പല്‍ എന്‍ജിനീയറെയും തൃശൂര്‍ വിജിലന്‍സ് കോടതി കഠിന തടവിന് ശിക്ഷിച്ചു.
Sep 24, 2024, 21:50 IST
തൃശൂര്‍: ചാലക്കുടി മുനിസിപ്പാലിറ്റി ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പുത്തന്‍കുളം നവീകരണ പദ്ധതിയില്‍ ക്രമക്കേട് നടത്തിയ കരാറുകാരനെയും അസിസ്റ്റന്റ് എന്‍ജിനീയറെയും മുനിസിപ്പല്‍ എന്‍ജിനീയറെയും തൃശൂര്‍ വിജിലന്‍സ് കോടതി കഠിന തടവിന് ശിക്ഷിച്ചു. 2007 -2008 കാലഘട്ടത്തിലാണ് സംഭവം.
പുത്തന്‍കുളം നവീകരണ പ്രവര്‍ത്തികളില്‍ ആവശ്യത്തിന് സിമെന്റും കമ്പിയും ഉപയോഗിക്കാതെയും നിര്‍മാണത്തില്‍ കൃത്രിമം കാണിച്ചും പൂര്‍ത്തീകരിച്ച പ്രവര്‍ത്തിക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ തെറ്റായ അളവുകള്‍ രേഖപ്പെടുത്തിയും മുനിസിപ്പല്‍ എന്‍ജിനീയര്‍ അവ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തിയും സര്‍ക്കാരിന് ആകെ 1,33,693 രൂപ നഷ്ടമുണ്ടാക്കിയ കേസിലാണ് മുനിസിപ്പല്‍ എന്‍ജിനീയറായ എസ്. ശിവകുമാറിനെയും അസിസ്റ്റന്റ് എന്‍ജിനീയറായ എം.കെ. സുഭാഷിനെയും കരാറുകാരനായ കെ.ഐ. ചന്ദ്രനെയും രണ്ട് വര്‍ഷം വീതം കഠിന തടവിനും 1,00,000 രൂപ വീതം പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷിച്ചത്.
വിജിലന്‍സ് തൃശൂര്‍ യൂണിറ്റ് 2008ല്‍ നടത്തിയ മിന്നല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന സൈഫുള്ള സെയ്ദ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന എസ്.ആര്‍. ജ്യോതിഷ് കുമാര്‍ കുറ്റപത്രം നല്‍കിയ കേസിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.ആര്‍. സ്റ്റാലിന്‍ ഹാജരായി.