ഓണച്ചന്തകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന നിരീക്ഷണം: ലേബലില്ലാത്ത ഉപ്പേരിയും സുരക്ഷിതമല്ലാത്ത പായസവും പിടികൂടും
ഓണക്കാലത്തോടനുബന്ധിച്ച് തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഓണച്ചന്തകളിലും റോഡരികിലെ താത്കാലിക വിൽപന കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കുന്നു.
തൃശ്ശൂർ : ഓണക്കാലത്തോടനുബന്ധിച്ച് തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഓണച്ചന്തകളിലും റോഡരികിലെ താത്കാലിക വിൽപന കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കുന്നു. വിവിധ ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വിൽപന നടത്തുന്ന പായസം, ഉപ്പേരി, മറ്റ് ഭക്ഷണവിഭവങ്ങൾ എന്നിവ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും.
പായസം തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളം പൂർണ്ണമായും സുരക്ഷിതവും കുടിവെള്ള നിലവാരമുള്ളതുമായിരിക്കണം. പാചകം, സംഭരണം, വിതരണം എന്നിവയിലെല്ലാം കർശനമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പാക്ക് ചെയ്ത് വിൽപന നടത്തുന്ന ഉപ്പേരി, ശർക്കരപ്പേരി ഉൾപ്പെടെയുള്ള എല്ലാ ഭക്ഷ്യവസ്തുക്കളിലും എഫ്.എസ്.എസ്.എ.ഐ ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ, നിർമ്മാതാവിന്റെ പേരും വിലാസവും, നിർമ്മാണ തീയതി, ഉപയോഗിക്കേണ്ട അവസാന തീയതി, ശുദ്ധഭാരം, ചേരുവകൾ എന്നിവ ഉൾപ്പെടുത്തിയ നിർബന്ധിത ലേബൽ വിവരങ്ങൾ ഉണ്ടായിരിക്കണം.
ആവശ്യമായ ലേബൽ വിവരങ്ങളില്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുകയോ സുരക്ഷിതമല്ലാത്ത വെള്ളം ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുകയോ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഓണാഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾ ലേബൽ വിവരങ്ങൾ കൃത്യമായി പരിശോധിച്ച് മാത്രം ഉൽപന്നങ്ങൾ വാങ്ങണമെന്നും, സംശയാസ്പദമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ സമീപത്തെ ഭക്ഷ്യസുരക്ഷാ ഓഫീസിൽ വിവരമറിയിക്കണമെന്നും തൃശൂർ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.