കടവല്ലൂർ പഞ്ചായത്ത് മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു
കടവല്ലൂർ പഞ്ചായത്ത് മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു, പരാതിയുമായി നാട്ടുകാർ രംഗത്ത്. പഞ്ചായത്തിലെ വട്ടമ്മാവിലാണ് സംഭവം. രണ്ടുപേർക്ക് കടിയേറ്റു. വട്ടമ്മാവ് സുന്ദരയ്യാ റോഡിൽ കല്ലെളുമ്പിൽ കെ.കെ. വേലായുധൻ
തൃശൂർ: കടവല്ലൂർ പഞ്ചായത്ത് മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു, പരാതിയുമായി നാട്ടുകാർ രംഗത്ത്. പഞ്ചായത്തിലെ വട്ടമ്മാവിലാണ് സംഭവം. രണ്ടുപേർക്ക് കടിയേറ്റു. വട്ടമ്മാവ് സുന്ദരയ്യാ റോഡിൽ കല്ലെളുമ്പിൽ കെ.കെ. വേലായുധൻ (75), കെ.എ. അരുൺ (45) എന്നിവർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ കടിയേറ്റത്. വേലായുധന്റെ രണ്ടു കൈയിലും അരുണിന്റെ വയറിനുമാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിന് സമീപത്ത് ചൊവ്വാഴ്ച രാവിലെ 8.30നാണ് സംഭവം നടന്നത്. ആഴ്ചകൾക്കു മുമ്പ് പുഞ്ചിരികാവിൽ എട്ടു വയസുകാരി ഉൾപ്പെടെ അഞ്ചുപേർക്ക് തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. അന്ന് കടിയേറ്റവർ തൃശൂർ മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയും കുത്തിവെപ്പുകൾ എടുക്കുകയും ചെയ്തിരുന്നു. അഞ്ചു പേരുടെയും കാലിനാണ് കടിയേറ്റിട്ടുണ്ടായിരുന്നത്. പഞ്ചായത്തിന്റെ വിവിധ മേഖലകളിലും തെരുവുനായ ശല്യം വർദ്ധിച്ചു വരികയാണെന്ന് നാട്ടുകാർ ആരോപിച്ചു. ആക്രമണ സ്വഭാവമുള്ള നായകളെ ഉടൻ പിടികൂടി വാഹന കാൽനട യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.