മാരക ലഹരിമരുന്നു വിതരണക്കാര്‍ തൃശൂർ വടക്കഞ്ചേരിയിൽ പിടിയില്‍
തൃശൂര്‍: യുവാക്കള്‍ക്കിടയില്‍ മാരക രാസലഹരി മരുന്നു വില്പനയ്ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിച്ച രണ്ടുപേരെ വടക്കഞ്ചേരി പോലീസ് പിടികൂടി. കണ്ണമ്പ്ര കൊന്നഞ്ചേരി സ്വദേശി ഷിജുമോന്‍ (23), തെക്കപ്പൊറ്റ സ്വദേശി റോഷന്‍ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞമാസം അണക്കെപ്പാറയില്‍ വച്ച് 71 ഗ്രാം എം.ഡി.എം.എയുമായി മംഗലംഡാം സ്വദേശി പോലീസ് പിടിയിലായിരുന്നു
ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്നാണ് ബാംഗ്ലൂരില്‍ നിന്നും എം.ഡി.എം.എ എത്തിച്ച് വടക്കഞ്ചേരിയില്‍ വിതരണം നടത്തുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ഇവര്‍ ആണെന്ന വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അന്വേഷണത്തില്‍ കൂടുതല്‍ കണ്ണികള്‍ ഉള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.
ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം ആലത്തൂര്‍ ഡിവൈ.എസ്.പി. എന്‍. മുരളീധരന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരി സി.ഐ. കെ.പി. ബെന്നി, എസ്.ഐ. ജീഷ് മോന്‍ വര്‍ഗീസ്, ഗ്രേഡ് എസ്.ഐ. പ്രസന്നന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.