ചെമ്പൈ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു
പ്രസിദ്ധമായ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ഇനിയുള്ള ഗുരുപവനപുരിയിലെ 15 ദിനരാത്രങ്ങള്‍ സംഗീത സാന്ദ്രമാകും. ശ്രീ കോവിലില്‍നിന്ന് പകര്‍ന്ന അഗ്‌നി ക്ഷേത്രം കോയ്മ രാജേഷ് മല്ലന്‍ ചെമ്പൈ സംഗീതോത്സവം മണ്ഡപമായ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചു.
തൃശൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ഇനിയുള്ള ഗുരുപവനപുരിയിലെ 15 ദിനരാത്രങ്ങള്‍ സംഗീത സാന്ദ്രമാകും. ശ്രീ കോവിലില്‍നിന്ന് പകര്‍ന്ന അഗ്‌നി ക്ഷേത്രം കോയ്മ രാജേഷ് മല്ലന്‍ ചെമ്പൈ സംഗീതോത്സവം മണ്ഡപമായ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചു. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഇത് സംഗീതോത്സവ വേദിയിലെ നിലവിളക്കിലേക്ക് പകര്‍ന്നു. സംഗീതോത്സവം കഴിയുന്നതുവരെ ഈ അഗ്‌നി അണയില്ല.
അതുവരെ സംഗീത മണ്ഡപത്തിലും ക്ഷേത്രാചാര്യ മര്യാദകള്‍ പാലിക്കേണ്ടി വരും. അഗ്‌നി പകര്‍ന്നതോടെ ക്ഷേത്രം നാഗസ്വരം തവില്‍ അടിയന്തിരക്കാര്‍ മംഗളവാദ്യ സമര്‍പ്പണം നടത്തി. സംഗീതോത്സവ സബ് കമ്മിറ്റിക്കാര്‍ ഒന്നിച്ചിരുന്ന് 'വാതാപി ഗണപതിം' ആലപിച്ചതോടെ സംഗീതാര്‍ച്ചനയ്ക്ക് തുടക്കമായി. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞരടക്കം മൂവായിരത്തോളം സംഗീതോപാസകര്‍ 15 ദിവസങ്ങളിലായി വേദി പങ്കിടും. ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെ പ്രശസ്തരുടെ സ്‌പെഷ്യല്‍ കച്ചേരി ഉണ്ടാകും. ഏകാദശി ദിവസമായ ഡിസംബര്‍ ഒന്നിന് സംഗീതോത്സവം സമാപിക്കും.