തൃപ്രയാറും ചാലക്കുടിയിലും ഉണ്ടായ മിന്നൽച്ചുഴലിയിൽ വ്യാപക നാശം
തൃപ്രയാറും ചാലക്കുടിയിലും ഉണ്ടായ മിന്നൽച്ചുഴലിയിൽ വ്യാപക നാശം. തൃപ്രയാറിൽ ഉണ്ടായ മിന്നൽച്ചുഴലിയിൽ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ പള്ളിയോട മണ്ഡപത്തിന്റെ മേൽക്കൂര തകർന്നു.
തൃശൂർ: തൃപ്രയാറും ചാലക്കുടിയിലും ഉണ്ടായ മിന്നൽച്ചുഴലിയിൽ വ്യാപക നാശം. തൃപ്രയാറിൽ ഉണ്ടായ മിന്നൽച്ചുഴലിയിൽ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ പള്ളിയോട മണ്ഡപത്തിന്റെ മേൽക്കൂര തകർന്നു. ഓടുകൾ കാറ്റിൽ ഇളകിവീണു. മേൽക്കൂര ഭാഗികമായി പറന്നുപോയി. ബുധനാഴ്ച രാത്രി പതിനൊന്നോടെയുണ്ടായ മിന്നൽച്ചുഴലിയാണ് നാശം വരുത്തിയത്. കൊച്ചിൻ ദേവസ്വം അസി: കമ്മീഷണർ എം. മനോജ്കുമാർ, തൃപ്രയാർ ക്ഷേത്രം മാനേജർ വിനീത രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് അധികാരികൾ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ചാലക്കുടി മേലൂർ വെട്ടുകടവിലുണ്ടായ മിന്നൽ ചുഴലിയിൽ കനത്ത നാശം. നിരവധി മരങ്ങൾ കടപുഴകി വീണു. വീടിന് മുകളിൽ മരം വീണ് വീടിന്റെ മേൽകൂര തകർന്നു. കുറ്റിയിൽ ലൗലി ജോയിയുടെ പുരയിടത്തിലെ നിരവധി മരങ്ങൾ മറിഞ്ഞുവീണു. ഏഴോളം വലിയ ജാതി മരങ്ങൾ കടപുഴകി വീണു. ഇവരുടെ വീടിന് മുകളിൽ ജാതി മരം വീണ് ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂര തകർന്നിട്ടുണ്ട്. ചെറിയ ജാതിമരങ്ങൾ മുഴുവനും ഒടിഞ്ഞുവീണു. പത്ത് കവുങ്ങുകളും കടപുഴകി വീണിട്ടുണ്ട്. ചാലക്കുടി പുഴയുടെ തീരത്തുള്ള ഈ വീട്ടുപറമ്പിലാണ് ചുഴലി ആഞ്ഞടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.