തൃശൂര്‍ എരുമപ്പെട്ടിയിൽ കിണറ്റില്‍വീണ മൂന്നുവയസുകാരനെ രക്ഷപ്പെടുത്തി
എരുമപ്പെട്ടി കരിയന്നൂരില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മൂന്നു വയസുകാരനെ വല്ല്യമ്മ കിണറ്റില്‍ ചാടി രക്ഷപ്പെടുത്തി. വെള്ളറക്കാട് പാറക്കല്‍ അഫ്‌സലിന്റേയും ഫര്‍സാനയുടേയും ഇരട്ട കുട്ടികളില്‍ ഒരാളായ ഇമാദാണ് വീടിനടുത്തുള്ള പറമ്പിലെ കിണറ്റില്‍ വീണത്.
തൃശൂര്‍: എരുമപ്പെട്ടി കരിയന്നൂരില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മൂന്നു വയസുകാരനെ വല്ല്യമ്മ കിണറ്റില്‍ ചാടി രക്ഷപ്പെടുത്തി. വെള്ളറക്കാട് പാറക്കല്‍ അഫ്‌സലിന്റേയും ഫര്‍സാനയുടേയും ഇരട്ട കുട്ടികളില്‍ ഒരാളായ ഇമാദാണ് വീടിനടുത്തുള്ള പറമ്പിലെ കിണറ്റില്‍ വീണത്. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം.
വീടിനടുത്തുള്ള പറമ്പിലെ കിണറിനടുത്തായി നില്‍ക്കുകയായിരുന്ന ഇരട്ട കുട്ടികളിലൊരാളായ ഇമാദ് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയുടെ വല്ല്യമ്മ റെജുല കിണറ്റിലേക്കെടുത്തു ചാടി. ഈ സമയം പകുതിയോളം വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്ന കിണറിലെ പൈപ്പില്‍ ഇമാദ് പിടിച്ച് നില്‍ക്കുകയായിരുന്നു.
വല്ല്യമ്മ കുട്ടിയെയും ചേര്‍ത്ത് പിടിച്ച് നിന്നു. തുടര്‍ന്ന് ഇവരെ രണ്ടുപേരെയും കരയ്‌ക്കെത്തിക്കാന്‍ നാട്ടുകാരനായ മുക്കില്‍പുര വേലായുധനും കിണറ്റില്‍ ഇറങ്ങി. എന്നാല്‍ ഇവര്‍ക്ക് കിണറ്റില്‍ നിന്നും തിരിച്ച് കയറാന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കുട്ടിയേയും രക്ഷപ്പെടുത്താനിറങ്ങിയ മറ്റ് രണ്ട് പേരേയും കരയ്ക്ക് കയറ്റി. ഉടന്‍തന്നെ ഇമാദിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
പരുക്കുകളൊന്നുമേല്‍ക്കാതെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ വിജയ്കൃഷ്ണ, ശ്രീജിത്ത്, റഫീക്ക്, ജിഷ്ണു, രഞ്ജിത്ത്, ഗോഡ്‌സണ്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എരുമപ്പെട്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.