പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍

പക്ഷാഘാത (സ്ട്രോക്ക്) ചികിത്സയ്ക്കും തുടര്‍പരിചരണത്തിനുമുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ചെലവുകള്‍ കുറയ്ക്കണമെന്നും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ചികിത്സാ രീതികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍ഗണന നല്‍കണമെന്നും ഇന്ത്യന്‍ നാവികസേന ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ്

 

തിരുവനന്തപുരം: പക്ഷാഘാത (സ്ട്രോക്ക്) ചികിത്സയ്ക്കും തുടര്‍പരിചരണത്തിനുമുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ചെലവുകള്‍ കുറയ്ക്കണമെന്നും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ചികിത്സാ രീതികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍ഗണന നല്‍കണമെന്നും ഇന്ത്യന്‍ നാവികസേന ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ് സര്‍ജന്‍ വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. തിരുവനന്തപുരത്ത്  'ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക ചികിത്സാ സാങ്കേതികവിദ്യകള്‍ക്കപ്പുറം, രോഗികളും അവരുടെ കുടുംബങ്ങളും നേരിടുന്ന പ്രായോഗിക- സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഡോക്ടര്‍മാര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആശുപത്രി ചികിത്സയുടെ അമിത ചെലവ് മുന്‍ നിറുത്തി തന്‍റെ അന്തരിച്ച ഭാര്യാപിതാവിനായി വീട്ടില്‍ തന്നെ ഐ.സി.യു സൗകര്യം ഒരുക്കേണ്ടി വന്ന സ്വന്തം അനുഭവം അദ്ദേഹം പങ്കുവെച്ചു.
 
ചികിത്സാ ചെലവുകള്‍ വരുത്തുന്ന സാമ്പത്തിക ഭാരത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ കൂടുതല്‍ ബോധവാന്‍മാരായിരിക്കണം. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളുടെ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനായി ഹൈബ്രിഡ് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുകള്‍, രോഗികളുടെ വീടുകള്‍ക്ക് സമീപം തന്നെ രോഗനിര്‍ണ്ണയ സൗകര്യങ്ങള്‍, താങ്ങാനാവുന്ന നിരക്കിലുള്ള ഹോം-കെയര്‍ സംവിധാനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും ശങ്കര്‍ സുബ്രഹ്മണ്യന്‍ നിര്‍ദ്ദേശിച്ചു.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, സ്വിറ്റ്സര്‍ലന്‍ഡിലെ സ്ട്രോക്ക് റിസര്‍ച്ച് സെന്‍റര്‍, ബേണ്‍ എന്നീ സ്ഥാപനങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പക്ഷാഘാത പ്രതിരോധം, താങ്ങാനാവുന്ന തുടര്‍ചികിത്സ, കൃത്യസമയത്തുള്ള വൈദ്യസഹായം എന്നിവയാണ് സമ്മേളനത്തിന്‍റെ പ്രധാന പ്രമേയങ്ങള്‍.

നിര്‍മ്മിതബുദ്ധി (എ ഐ), റോബോട്ടിക്സ്, പ്രിസിഷന്‍ മെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും, പക്ഷാഘാതം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം രോഗപ്രതിരോധം തന്നെയാണെന്ന് ചടങ്ങില്‍ സംസാരിച്ച മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങളല്ല, മറിച്ച് യാതൊരു ചെലവുമില്ലാത്ത ജീവിതശൈലീ തന്നെയാണ് പക്ഷാഘാതത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധമെന്നും അദ്ദേഹം വ്യക്തമാക്കി. പതിവായ നടത്തം, രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കല്‍, പുകയില ഉപേക്ഷിക്കല്‍, നല്ല ഉറക്കം എന്നിവ നിത്യ ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ പക്ഷാഘാത ചികിത്സ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏഷ്യയിലേക്കും ലാറ്റിന്‍ അമേരിക്കയിലേക്കും ഈ ഉദ്യമം വ്യാപിപ്പിച്ചതായി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ബേണിലെ ന്യൂറോളജി വിഭാഗം ചെയര്‍മാന്‍ ഡോ. ഉര്‍സ് ഫിഷര്‍ പറഞ്ഞു.

മികച്ച പക്ഷാഘാത ചികിത്സാ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനായി ന്യൂറോളജിസ്റ്റുകള്‍, ന്യൂറോസര്‍ജന്‍മാര്‍, ഇന്‍റര്‍വെന്‍ഷണല്‍ സ്പെഷ്യലിസ്റ്റുകള്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ തമ്മില്‍  ഏകോപനം അനിവാര്യമാണെന്ന് ഇന്‍സെല്‍സ്പിറ്റല്‍ ബേണിലെ ന്യൂറോറേഡിയോളജി വിഭാഗം മേധാവി ഡോ. ജാന്‍ ഗ്രല്ല ചൂണ്ടിക്കാട്ടി. പുതു തലമുറയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മികച്ച പരിശീലനം നല്‍കേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

ഗുരുതരമായ പക്ഷാഘാതത്തെ തുടര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ട തന്‍റെ 87 വയസ്സുള്ള അമ്മയ്ക്ക് കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിലൂടെ 24 മണിക്കൂറിനുള്ളില്‍ സുഖം പ്രാപിക്കാനായ അനുഭവം അമേരിക്കന്‍ നടന്‍ ലീലാന്‍ഡ് ഓര്‍സര്‍ പങ്കുവെച്ചു. സമയബന്ധിതമായ ചികിത്സ 18 മാസത്തെ മികച്ച ജീവിതം കൂടി അമ്മയ്ക്ക് തിരിച്ചുനല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.ശ്രീചിത്രയിലെ കോംപ്രിഹെന്‍സീവ് സ്ട്രോക്ക് കെയര്‍ പ്രോഗ്രാം മേധാവി പ്രൊഫ. ഡോ. പി.എന്‍. ശൈലജ സ്വാഗതവും ഇമേജിംഗ് സയന്‍സസ് ആന്‍ഡ് ഇന്‍റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. ഇ.ആര്‍. ജയദേവന്‍ നന്ദിയും രേഖപ്പെടുത്തി.