തിരുവനന്തപുരത്ത് നെയ്യാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കീഴാറൂർ ഈരാറ്റിൻപുറം ആറ്റുകടവിൽ നെയ്യാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മുങ്ങി മരിച്ചു.

 

തിരുവനന്തപുരം: കീഴാറൂർ ഈരാറ്റിൻപുറം ആറ്റുകടവിൽ നെയ്യാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മുങ്ങി മരിച്ചു. മറ്റൊരാളെ രക്ഷപെടുത്തി. കാട്ടാക്കട തൂങ്ങാപാറ അമൃതം വീട്ടിൽ അനിൽകുമാറിന്റെ മകനും കാട്ടാക്കട പി.ആർ വില്യം സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിയുമായ അഭിനവ് (18 )ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ആയിരുന്നു സംഭവം. 

കാട്ടാക്കട പി.ആർ.വില്യം സ്‌കൂളിലെ ആറോളം വിദ്യാർഥികളാണ് വൈകുന്നേരം ഇവിടെ കുളിക്കാനായി എത്തിയത്. ഇതിൽ നാലുപേർ വെള്ളത്തിലിറങ്ങി. കുളിക്കുന്നതിനിടെ രണ്ടുപേർ കരക്ക് കയറി. അഭിനന്ദും അഭിനവും ഒഴുക്കിൽ പെടുകയും ചെയ്തു. കൂടെയുള്ളവർ ബഹളം വച്ചതോടെ നാട്ടുകാരെത്തി അഭിനന്ദിനെ രക്ഷപ്പെടുത്തി. എന്നാൽ അഭിനവ് വെള്ളത്തിൽ താഴ്ന്നു പോയി. നാട്ടുകാർ അറിയിച്ച് പൊലീസും അഗ്‌നി രക്ഷാസേനയും എത്തി. പിന്നീട് നടത്തിയ തെരച്ചിലിലാണ് അഭിനവിന്റെ മൃതദേഹം കിട്ടിയത്. ആര്യങ്കോട് പൊലീസ് കേസെടുത്തു. മൃതദേഹം തുടർനടപടികൾക്ക് നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് മാറ്റി.