തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ; അച്ഛനും മകനും പരിക്ക് 

നെടുമങ്ങാട് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അച്ഛനും മകനും പരിക്കേറ്റു. താന്നിമൂട് സ്വദേശി ഷാജഹാൻ, മകൻ നിഹാസ് എന്നിവർക്കാണ് പുലർച്ചെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റത്.

 

 തിരുവനന്തപുരം: നെടുമങ്ങാട് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അച്ഛനും മകനും പരിക്കേറ്റു. താന്നിമൂട് സ്വദേശി ഷാജഹാൻ, മകൻ നിഹാസ് എന്നിവർക്കാണ് പുലർച്ചെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ടരയോടെ വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഷാജഹാന് ശരീരത്തിൽ 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിഹാസിന് തലയ്ക്കാണ് പരിക്ക്. ഇരുവരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടിൽ ഉപയോഗിക്കാതെ വെച്ചിരുന്ന പുതിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് ഭാഗികമായി തകരുകയും ഉള്ളിലുണ്ടായിരുന്ന നിരവധി വീട്ടുപകരണങ്ങൾ പൂർണ്ണമായും നശിക്കുകയും ചെയ്തു.