മൂർഖനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ വൊളന്റിയർ മരിച്ചു
മൂർഖനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ സർപ്പ വൊളന്റിയർ മരിച്ചു. കിള്ളിപ്പാലം സ്വദേശി ഷിബുവാണ് മരിച്ചത്.
തിരുവനന്തപുരം: മൂർഖനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ സർപ്പ വൊളന്റിയർ മരിച്ചു. കിള്ളിപ്പാലം സ്വദേശി ഷിബുവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പാമ്പ് കടിയേറ്റ ഷിബുവിനെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഷിബുവും സഹപ്രവർത്തകനും പിടിച്ച അണലി, മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകളുമായി പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ എത്തി. ഇവിടത്തെ ആർ ആർ ടി സംഘത്തിനൊപ്പം പൊന്മുടിയിലെത്തി പാമ്പിനെ തുറന്നുവിടാനായി ബാഗ് തുറന്നപ്പോഴാണ് ഷിബുവിന് മൂർഖന്റെ കടിയേറ്റത്.
ഷിബുവിന്റെ കൈയിലായിരുന്നു കടിയേറ്റത്. ഉടൻതന്നെ സഹപ്രവർത്തകർ ഷിബുവിനെ വിതുരയിൽ എത്തിച്ചു ആന്റി വെനം നൽകിയെങ്കിലും നില വഷളായി. തുടർന്ന് സിപിആർ നൽകി ഉടൻ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഷിബുവിന് ചൊവ്വാഴ്ച ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.