റോബോ കൂട്ടുകാർ ഡിഫറന്റ് ആർട് സെന്ററിൽ: ആവേശത്തിരയിളക്കത്തിൽ ഭിന്നശേഷിക്കാർ
ചാടിയും ഓടിയും വിശേഷങ്ങൾ പറഞ്ഞും ഡിഫറന്റ് ആർട് സെന്ററിലെത്തിയ പുതിയ കാലഘട്ടത്തിന്റെ കൂട്ടുകാരായ റോബോ സംഘം ഭിന്നശേഷിക്കാർക്ക് കൗതുകമായി. സെന്ററിൽ ആരംഭിക്കുന്ന റോബോട്ടിക്‌സ് പരിശീലന പരിപാടിയുടെ ഭാഗമായാണ് റോബോ ഡോഗ്, വന്ദന, മേധ എന്നീ റോബോകൾ എത്തിയത്. കുട്ടികൾക്ക് ഹസ്തദാനം ചെയ്തും വിശിഷ്ടാതിഥികൾക്ക് പനിനീർപ്പൂവ് നൽകിയും നൃത്തം ചെയ്തുമൊക്കെ റോബോകൾ കാണികളുടെ ഹൃദയങ്ങളിലിടം പിടിച്ചു
തിരുവനന്തപുരം: ചാടിയും ഓടിയും വിശേഷങ്ങൾ പറഞ്ഞും ഡിഫറന്റ് ആർട് സെന്ററിലെത്തിയ പുതിയ കാലഘട്ടത്തിന്റെ കൂട്ടുകാരായ റോബോ സംഘം ഭിന്നശേഷിക്കാർക്ക് കൗതുകമായി. സെന്ററിൽ ആരംഭിക്കുന്ന റോബോട്ടിക്‌സ് പരിശീലന പരിപാടിയുടെ ഭാഗമായാണ് റോബോ ഡോഗ്, വന്ദന, മേധ എന്നീ റോബോകൾ എത്തിയത്. കുട്ടികൾക്ക് ഹസ്തദാനം ചെയ്തും വിശിഷ്ടാതിഥികൾക്ക് പനിനീർപ്പൂവ് നൽകിയും നൃത്തം ചെയ്തുമൊക്കെ റോബോകൾ കാണികളുടെ ഹൃദയങ്ങളിലിടം പിടിച്ചു.
സൃഷ്ടി ഇന്നവേറ്റീവിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്ക് റോബോട്ടിക്‌സ് പരിശീലനം നൽകുന്ന റോബോ സ്പാർക്ക് പരിപാടി ടെക്‌നോപാർക്ക് മുൻ സി.ഇ.ഒ സഞ്ജീവ് നായർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. എല്ലാ മേഖകളിലും ഭിന്നശേഷിക്കാർക്ക് വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുവാൻ അവസരം നൽകുന്നതിനോടൊപ്പം എല്ലാ ഓഫീസുകളിലും ഇത്തരക്കാർക്ക് ഒരു തൊഴിലവസരമെങ്കിലും ഒരുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ മേഖലകളിലും എത്തിപ്പെടാൻ അവസരം ഒരുക്കുന്ന ഡിഫറന്റ് ആർട് സെന്റർ ഭിന്നശേഷിക്കാർക്ക് ഒരു ഊർജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഫറന്റ് ആർട് സെന്റർ എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സൃഷ്ടി ഇന്നവേറ്റീവ് സി.ഇ.ഒ കൃഷ്ണദാസ് പിഷാരം മുഖ്യപ്രഭാഷണം നടത്തി. സൃഷ്ടി ഇന്നവേറ്റീവ് സി.എസ്.ഒ മോനിഷ എച്ച്.ചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. ടീം ലീഡുമാരായ വിനായക്, രാധുൽ, ജിതിൻ, റോബോട്ടിക്‌സ് ഡെവലപ്പർ കൃഷ്ണകുമാർ, റോബോട്ടിക്‌സ് ടീം ലീഡ് നിഹാൽ എന്നിവർ പങ്കെടുത്തു. ഡിഫറന്റ് ആർട് സെന്റർ ഇന്റർവെൻഷൻ ഡയറക്ടർ ഡോ.അനിൽകുമാർ നായർ സ്വാഗതവും സൃഷ്ടി ഇന്നവേറ്റീവ് എച്ച്.ആർ.എം വിഷ്ണുപ്രസാദ് നന്ദിയും പറഞ്ഞു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഡിഫറന്റ് ആർട് സെന്റർ റോബോട്ടിക്‌സ് പരിശീലന പദ്ധതിക്ക് തുടക്കമിടുന്നത്. മൂന്ന് മാസമാണ് കാലാവധി. ആദ്യബാച്ചിൽ 20 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.