ഓണം വ്യാപാരമേളയ്ക്കും പ്രദർശനത്തിനും തുടക്കമായി;തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ
തിരുവനന്തപുരം: ഓണം വാരാഘോഷത്തിൻറെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാരമേളയും പ്രദർശനവും സാംസ്കാരിക-സിനിമ-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് കനകക്കുന്നിൽ ഉദ്ഘാടനം ചെയ്തു. ഇത്തവണ തിരുവനന്തപുരം ജില്ലയിലെ 35-ഓളം വേദികളിലായി വിപുലമായ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും അരങ്ങേറും.
ഓഗസ്റ്റ് 23-ന് നടക്കുന്ന പതാക ഉയർത്തൽ ചടങ്ങോടെ തുടക്കമാകുന്ന വാരാഘോഷത്തിൻറെ ഔദ്യോഗിക ഉദ്ഘാടനം 24ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം എന്നിവയുൾപ്പെടെ ജില്ലയിലെ 35 കേന്ദ്രങ്ങളിലാണ് വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിരിക്കുന്നത്. നിശാഗന്ധിയിൽ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ 7 മണി വരെ കേരളത്തിൻറെ പരമ്പരാഗത അനുഷ്ഠാന കലാരൂപങ്ങൾ അവതരിപ്പിക്കും.
പത്തനംതിട്ടയിലുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ തുടക്കത്തിൽ ആഘോഷങ്ങളിൽ ആശങ്കയുണ്ടായിരുന്നെങ്കിലും, ഓണം മാറ്റിവെക്കേണ്ടതില്ലെന്ന ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആഗ്രഹമാണ് വിപുലമായ ആഘോഷങ്ങളുമായി മുന്നോട്ട് പോകാൻ സർക്കാരിന് പ്രേരണയായതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി.
നഗരസഭാ കൗൺസിലർ കെ.ആർ. ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ് സ്വാഗതവും മുൻ എം.എൽ.എയും ട്രേഡ് ഫെയർ കമ്മിറ്റി വൈസ് ചെയർമാനുമായ എം.എ. വാഹിദ് നന്ദിയും രേഖപ്പെടുത്തി.