നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന: ഹൈക്കോടതി നിർദേശപ്രകാരമുള്ള ഹിയറിംഗ് നടന്നു

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ കുത്തനെയുള്ള പ്രീമിയം വർധനയ്‌ക്കെതിരെ പ്രവാസി ലീഗൽ സെല്ലും മറ്റ് രണ്ട് ഹർജിക്കാരും സമർപ്പിച്ച റിട്ട് ഹർജിയിൽ (W.P.(C) No.38075/2026) ഹൈക്കോടതി നിർദേശപ്രകാരമുള്ള ഹിയറിംഗ് നവംബർ 25ന് ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ നടന്നു.

 

തിരുവനന്തപുരം: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ കുത്തനെയുള്ള പ്രീമിയം വർധനയ്‌ക്കെതിരെ പ്രവാസി ലീഗൽ സെല്ലും മറ്റ് രണ്ട് ഹർജിക്കാരും സമർപ്പിച്ച റിട്ട് ഹർജിയിൽ (W.P.(C) No.38075/2026) ഹൈക്കോടതി നിർദേശപ്രകാരമുള്ള ഹിയറിംഗ് നവംബർ 25ന് ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ നടന്നു. നോർക്ക വകുപ്പ് അഡീഷണൽ സെക്രട്ടറി ലത എസ്. മുമ്പാകെ നടന്ന ഹിയറിംഗിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ. രാജേഷ് എം., മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

പ്രവാസി ലീഗൽ സെൽ ഒക്ടോബർ 29ന് സമർപ്പിച്ച നിവേദനം പരിഗണിച്ച്, ഹർജിക്കാരെയും ബന്ധപ്പെട്ട കക്ഷികളെയും കേട്ടശേഷം വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ച് ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് നവംബർ 5ലെ ഹൈക്കോടതി വിധിയിൽ നിർദേശിച്ചിട്ടുള്ളത്.

2025-26ൽ അഞ്ചുലക്ഷം രൂപയുടെ കുടുംബ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്ക്ക് 13,411 രൂപയായിരുന്ന പ്രീമിയം 2026-27ൽ 51–60 വയസ്സുകാർക്ക് 35,664 രൂപയായും 61–70 വയസ്സുകാർക്ക് 44,718 രൂപയായും വർധിപ്പിച്ചിരിക്കുകയാണ്. യഥാക്രമം 166 ശതമാനവും 233 ശതമാനവും വരുന്ന ഈ വർധന മുതിർന്ന പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പ്രായാധിഷ്ഠിതമായ പ്രീമിയം വർധന പുനഃപരിശോധിക്കുക, താങ്ങാവുന്ന ഗ്രൂപ്പ് ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തുക, നിലവിലുള്ള അംഗങ്ങളുടെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ സംരക്ഷിക്കുക, സർക്കാർ സബ്സിഡി അനുവദിക്കുക, ജി.എസ്.ടി. ഇളവിന് നടപടി സ്വീകരിക്കുക, ഇതിനകം ഉയർന്ന പ്രീമിയം അടച്ചവർക്ക് അധിക തുക തിരികെ നൽകുന്നതിനോ ക്രമീകരിക്കുന്നതിനോ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഹിയറിംഗിൽ ഉന്നയിച്ചു.

ഹിയറിംഗിൽ 31 പ്രധാന വിഷയങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ നിർദേശങ്ങൾ പ്രവാസി ലീഗൽ സെൽ സമർപ്പിച്ചു. യഥാർത്ഥ ക്ലെയിം കണക്കുകളും പ്രീമിയം നിർണയത്തിന്റെ അടിസ്ഥാനവും സുതാര്യമായി പരിശോധിക്കുക, കൂടുതൽ ഇൻഷുറൻസ് കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കുക, അംഗസംഖ്യ വർധിപ്പിക്കുക, ഇൻഷുറൻസ് ബാധ്യത പങ്കിടുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക, ഭരണ-സാങ്കേതിക ചെലവുകൾ കുറയ്ക്കുക, സർക്കാർ സബ്സിഡി അനുവദിക്കുക, മെഡിസെപ് ഉൾപ്പെടെയുള്ള സർക്കാർ പിന്തുണയുള്ള ഇൻഷുറൻസ് മാതൃകകളിലെ പ്രയോജനകരമായ ഘടകങ്ങൾ സ്വീകരിക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. കൂടാതെ, മടങ്ങിയെത്തിയ പ്രവാസികൾക്കായി പ്രത്യേക ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുന്നതിനു പകരം നിലവിലുള്ള നോർക്ക കെയർ പദ്ധതിയുടെ അതേ മാതൃകയിലും ആനുകൂല്യങ്ങളോടെയും അവരെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പ്രവാസി ലീഗൽ സെൽ ആവശ്യപ്പെട്ടു.

നോർക്ക കെയർ പദ്ധതിയുടെ സമഗ്രമായ പുനഃപരിശോധനയ്ക്കായി നവംബർ 17ലെ സ.ഉ.(സാധാ) നം.583/2026/NORKA പ്രകാരം ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിക്കും പ്രവാസി ലീഗൽ സെൽ വിശദമായ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. സമിതിയുടെ മുമ്പാകെ നേരിട്ട് നിർദേശങ്ങൾ അവതരിപ്പിക്കുന്നതിനുള്ള അവസരവും ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യായമായ പ്രീമിയം വർധനയ്ക്ക് പ്രവാസി ലീഗൽ സെൽ എതിരല്ലെന്നും എന്നാൽ പ്രവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച പദ്ധതി അവർക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയായി മാറരുതെന്നും സംഘടന വ്യക്തമാക്കി.ഹിയറിംഗിൽ അഡ്വ. ആർ. മുരളീധരൻ, എ. ജിഹാംഗീർ, നന്ദ ഗോപകുമാർ, അബ്ദുൽ ഹക്കീം, നിയാസ് പൂജപ്പുര എന്നിവർ പങ്കെടുത്തു.