മിൽമയ്ക്ക് വീണ്ടും ദേശീയ അംഗീകാരം: ഗോപാൽ രത്ന പുരസ്കാരം മിൽമ മലബാർ യൂണിയൻറെ രണ്ട് അംഗസംഘങ്ങൾക്ക്
ക്ഷീരമേഖലയിലെ മികച്ച സംഭാവനകൾക്കുള്ള പരമോന്നത ബഹുമതിയായ ദേശീയ ഗോപാൽ രത്ന പുരസ്കാരങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ മിൽമ മലബാർ മേഖലാ യൂണിയൻറെ അംഗസംഘങ്ങൾക്ക് ലഭിച്ചു. മികച്ച ക്ഷീര സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ കേരളത്തിന് ഇത് അഭിമാനകരമായ നേട്ടമാണ്.
തിരുവനന്തപുരം: ക്ഷീരമേഖലയിലെ മികച്ച സംഭാവനകൾക്കുള്ള പരമോന്നത ബഹുമതിയായ ദേശീയ ഗോപാൽ രത്ന പുരസ്കാരങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ മിൽമ മലബാർ മേഖലാ യൂണിയൻറെ അംഗസംഘങ്ങൾക്ക് ലഭിച്ചു. മികച്ച ക്ഷീര സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ കേരളത്തിന് ഇത് അഭിമാനകരമായ നേട്ടമാണ്.
വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തിനാണ് ഒന്നാം സ്ഥാനം. പാലക്കാട് ജില്ലയിലെ കുന്നങ്കാട്ടുപതി ക്ഷീരോത്പാദക സഹകരണ സംഘം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 5 ലക്ഷം രൂപയും 3 ലക്ഷം രൂപയും പുരസ്കാര തുകയായി ലഭിക്കും. ക്ഷീരമേഖലയിലെ മികച്ച സംഭാവനകൾക്ക് രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിയുടെ കീഴിൽ കേന്ദ്ര സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ദേശീയ ബഹുമതികളിൽ ഒന്നാണിത്. ഈ വർഷം ലഭിച്ച 2,081 അപേക്ഷകളിൽ നിന്നാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്.
മുൻവർഷങ്ങളിലും മലബാർ മിൽമയുടെ അംഗ സംഘങ്ങൾക്ക് ദേശീയ ഗോപാൽ രത്ന പുരസ്കാരം ലഭിച്ചിരുന്നു. മലബാർ മേഖലാ യൂണിയൻറെ അംഗ സംഘങ്ങളായ വയനാട് ജില്ലയിലെ ദീപ്തിഗിരി ക്ഷീര സംഘത്തിന് 2021-ൽ രണ്ടാം സ്ഥാനവും, മാനന്തവാടി, പുൽപ്പള്ളി ക്ഷീര സംഘങ്ങൾക്ക് യഥാക്രമം 2022, 2023 വർഷങ്ങളിൽ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു.
കേരളത്തിലെ ക്ഷീര സഹകരണ സംഘങ്ങളുടെ ഈ മേഖലയിലെ ചിട്ടയായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. ക്ഷീരമേഖലയ്ക്ക് കരുത്ത് പകരുന്നതിനൊപ്പം കൂടുതൽ ഊർജസ്വലതയോടെ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ പുരസ്കാരം പ്രചോദനമാണ്. ഈ പുരസ്കാരം ഏറ്റവും കൂടുതൽ തവണ കരസ്ഥമാക്കിയത് മലബാർ മേഖലാ യൂണിയൻറെ ഭാഗമായ അംഗസംഘങ്ങളാണെന്നതിൽ അഭിമാനമുണ്ട്. മിൽമയുടെ പ്രശസ്തി വാനോളമുയർത്തിയ ക്ഷീരസംഘങ്ങളുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നതായി മലബാർ മേഖലാ യൂണിയൻ ചെയർമാൻ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 26 ന് നടക്കുന്ന ദേശീയ ക്ഷീരദിനാചരണത്തിൻറെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് (ലാലൻ സിംഗ് )പുരസ്കാരങ്ങൾ സമ്മാനിക്കും. സഹമന്ത്രിമാരായ പ്രൊഫ. എസ് പി സിംഗ് ബാഗേൽ, ജോർജ്ജ് കുര്യൻ എന്നിവർ സന്നിഹിതരാകും.
പ്രതിദിനം 17,500 ലിറ്റർ പാൽ സംഭരിക്കുന്ന വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തിൻറെ ഭാരവാഹികൾ ജയൻ പി പി (പ്രസിഡൻറ് ), മാത്യു കെ ബി (സെക്രട്ടറി) എന്നിവരാണ്. പ്രതിദിനം 28,500 ലിറ്റർ പാൽ സംഭരിക്കുന്ന പാലക്കാട് ജില്ലയിലെ കുന്നങ്കാട്ടുപതി ക്ഷീരോല്പാദക സഹകരണ സംഘത്തിൻറെ ഭാരവാഹികൾ ആനന്ദ് സി (പ്രസിഡൻറ), ജയപ്രകാശ് (സെക്രട്ടറി) എന്നിവരാണ്.