പ്രകൃതിദത്ത ഭക്ഷ്യോൽപന്നങ്ങൾക്ക് ദേശീയ അംഗീകാരം നേടി കുടുംബശ്രീ സംരംഭക

നാടിൻറെ തനിമയും പ്രകൃതിയുടെ നൻമയും ചേർത്ത് ബിന്ദുലേഖയൊരുക്കിയ രുചിക്കൂട്ടുകൾക്ക് ദേശീയ വേദിയിൽ അംഗീകാരം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൻറെ ആഭിമുഖ്യത്തിൽ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ സംഘടിപ്പിച്ച ആജീവിക ദേശീയ സരസ് മേളയിലാണ് കുടുംബശ്രീ

 

തിരുവനന്തപുരം: നാടിൻറെ തനിമയും പ്രകൃതിയുടെ നൻമയും ചേർത്ത് ബിന്ദുലേഖയൊരുക്കിയ രുചിക്കൂട്ടുകൾക്ക് ദേശീയ വേദിയിൽ അംഗീകാരം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൻറെ ആഭിമുഖ്യത്തിൽ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ സംഘടിപ്പിച്ച ആജീവിക ദേശീയ സരസ് മേളയിലാണ് കുടുംബശ്രീ സംരംഭക ബിന്ദുലേഖ ബെസ്റ്റ് നാച്വറൽ ഫുഡ് സ്റ്റാൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള സംരംഭകർ പങ്കെടുത്ത ആജീവിക ദേശീയ സരസ് മേളയിൽ ബിന്ദുലേഖയ്ക്ക് പുരസ്കാരം ലഭിച്ചത് കേരളത്തിൻറെയും അഭിമാന നേട്ടമായി.

  'കൃഷ്ണ പിക്കിൾസ് ആൻഡ് ഫുഡ് പ്രോഡക്ട്സ്' എന്ന സ്വന്തം സംരംഭത്തിൻറെ ഭാഗമായി തയ്യാറാക്കിയ ജിഞ്ചർ പൗഡർ, ചായ മസാല, ചട്നി പൗഡർ, സാമ്പാർ മസാല, മുളപ്പിച്ച റാഗി, വിവിധയിനം അച്ചാറുകൾ തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങളുടെ വൈവിധ്യവും രുചിയും ഗുണനിലവാരവുമാണ് അംഗീകാരം നേടിക്കൊടുത്തത്. എൻ.ടി.ആർ ജില്ലാ കളക്ടർ ഡോ.ജി.ലക്ഷ്മിഷാ പുരസ്കാരം സമ്മാനിച്ചപ്പോൾ അത് ബിന്ദു ലേഖയെന്ന സംരംഭകയുടെ അതിജീവന പോരാട്ടത്തിന് ലഭിച്ച മധുരമായി.

തിരുവനന്തപുരം ആര്യനാട് ശ്രീലക്ഷ്മി അയൽക്കൂട്ട അംഗമാണ് ബിന്ദുലേഖ. കൊറോണക്കാലത്ത് നിലച്ചു പോയ സ്വന്തം ഗാർമെൻറ് യൂണിറ്റിൻറെ നഷ്ടങ്ങളിൽ നിന്നും കരകയറാനുള്ള നിരന്തര പരിശ്രമങ്ങളാണ് ഇപ്പോൾ ദേശീയ അംഗീകാരത്തിലേക്കെത്തിച്ചത്. ഇത് മൂന്നാം തവണയാണ് ബിന്ദുലേഖ ദേശീയ സരസ് മേളയിൽ പങ്കെടുക്കുന്നത്.  പുരസ്കാരം ലഭിക്കുന്നത് ആദ്യമാണ്. വ്യക്തിഗത നേട്ടത്തിനപ്പുറം കുടുംബശ്രീയുടെ സംരംഭ മുന്നേറ്റത്തിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം.

പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങളെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കുന്നതിലൂടെ സ്ത്രീകൾക്ക് മികച്ച വരുമാന മാർഗം കണ്ടെത്താനാകുമെന്ന് ബിന്ദുലേഖയുടെ നേട്ടം തെളിയിക്കുന്നു. കുടുംബശ്രീക്കൊപ്പം, മിത്ര നികേതൻ, വനിതാ വികസന കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നു. നിലവിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകൾ, കുടുംബശ്രീ മേളകൾ എന്നിവിടങ്ങളിലെല്ലാം തൻറെ ഉൽപന്നങ്ങൾ വിറ്റഴിച്ചു വരുമാനം നേടുന്നു. പ്രകൃതിദത്ത ഭക്ഷ്യോൽപന്നങ്ങൾക്ക് ഉത്തരേന്ത്യയിൽ നിന്നു പോലും ധാരാളം ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് ബിന്ദുലേഖ പറയുന്നു. സംരംഭ മേഖലയിൽ ഇനിയും കൂടുതൽ ഉയരങ്ങളിലേക്കെത്താനുള്ള പരിശ്രമങ്ങളിലാണ് ഈ കുടുംബശ്രീ വനിത.