ജെഎന്‍യു മുന്‍ പ്രൊഫസര്‍ ഡോ. പി.എ ജോര്‍ജിന് ജാപ്പനീസ് സിവിലിയന്‍ ബഹുമതി

ജവഹര്‍ലാല്‍ നെഹ്റു യുണിവേഴ്സിറ്റിയിലെ മുന്‍ അദ്ധ്യാപകന്‍ ഡോ. പി.എ ജോര്‍ജ്, ജാപ്പനീസ് സര്‍ക്കാര്‍ നല്‍കുന്ന മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിക്ക് അര്‍ഹനായി. ജപ്പാനും ഇന്ത്യയും തമ്മിലുള്ള അക്കാദമിക് ബന്ധം ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ 30 വര്‍ഷത്തിലധികമായി നല്‍കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ബഹുമതി നല്‍കിയത്.

 

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്റു യുണിവേഴ്സിറ്റിയിലെ മുന്‍ അദ്ധ്യാപകന്‍ ഡോ. പി.എ ജോര്‍ജ്, ജാപ്പനീസ് സര്‍ക്കാര്‍ നല്‍കുന്ന മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിക്ക് അര്‍ഹനായി. ജപ്പാനും ഇന്ത്യയും തമ്മിലുള്ള അക്കാദമിക് ബന്ധം ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ 30 വര്‍ഷത്തിലധികമായി നല്‍കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ബഹുമതി നല്‍കിയത്.
 
ഇന്ത്യയില്‍ ജാപ്പനീസ് പഠനം പ്രോത്സാഹിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വിനിമയബന്ധം ഊര്‍ജ്ജിതമാക്കുന്നതിനും ഡോ. പി. എ ജോര്‍ജ് നടത്തിയ ശ്രമങ്ങളാണ് ജപ്പാന്‍ ചക്രവര്‍ത്തിയുടെ വിശിഷ്ടമായ 'ഓര്‍ഡര്‍ ഓഫ് ദ റൈസിംഗ് സണ്‍, ഗോള്‍ഡ് റേയ്സ് വിത്ത് നെക് റിബണ്‍' ബഹുമതിക്ക് അര്‍ഹമാക്കിയത്. അക്കാദമിക് രംഗത്തെ പ്രൊഫസറുടെ സംഭാവനകളെ പ്രകീര്‍ത്തിച്ച ജപ്പാന്‍ വിദേശകാര്യ മന്ത്രി കാമികാവ യൊകൊ ആരോഗ്യവും സന്തോഷവും എക്കാലവുമുണ്ടാകട്ടെ എന്ന് ആശംസിച്ചു.
 
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയതിന് പ്രൊഫസര്‍ ജോര്‍ജിനെ അഭിനന്ദിക്കുന്നതായി മുന്‍ ജപ്പാന്‍ അംബാസിഡര്‍ സുസുകി ഹിരൊഷി ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യയിലെ പത്ഭമൂഷണ്‍ ബഹുമതിക്ക് തുല്യമായ ഈ അവാര്‍ഡ്, ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള ജാപ്പനീസ് എംബസിയില്‍ നടന്ന ആഘോഷ ചടങ്ങില്‍വെച്ച്, ജപ്പാന്‍റെ ആക്ടിംഗ് അംബാസിഡറും, ചാര്‍ജ് ഡി അഫയേഴ്സുമായ ആരിയൊഷി തകാഷി ഡോ. ജോര്‍ജിന് സമ്മാനിച്ചു.

ജെഎന്‍യു സ്കൂള്‍ ഓഫ് ലാംഗേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചര്‍ സ്റ്റഡീസിലെ സെന്‍റര്‍ ഫോര്‍ ജാപ്പനീസ് സ്റ്റഡീസിന്‍റെ ചെയര്‍പേഴ്സണ്‍ ആയിരുന്ന അദ്ദേഹം ജാപ്പനീസ് ഭാഷ, സാഹിത്യം, സംസ്കാരം എന്നീ വിഷയങ്ങളാണ് ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നത്. അതോടൊപ്പം ഗവേഷക വിദ്യാര്‍ത്ഥികളുടെ ഗൈഡായും പ്രവര്‍ത്തിച്ചു. ആധുനിക ജാപ്പനീസ് സാഹിത്യത്തെ സംബന്ധിച്ച് ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തിയ അദ്ദേഹം ഷിമസാകി തോസൊന്‍, മിയാസാവ കെന്‍ജി, ഇഷികാവ താകുബൊകു മുതലായവരുടെ എഴുത്തുകളിലും കവിതകളിലും അവഗാഹമുള്ള ആളാണ്.

1875 ല്‍ സ്ഥാപിച്ച 'ഓര്‍ഡര്‍ ഓഫ് ദ റൈസിംഗ് സണ്‍' എന്നത് ജപ്പാന്‍റെ ആദ്യത്തെ ദേശീയ കീര്‍ത്തി മുദ്രയാണ്. കരുത്തിന്‍റെ പ്രതീകമായ ഉദയസൂര്യന്‍റെ കിരണങ്ങള്‍ മിന്നിത്തിളങ്ങുന്ന ബാഡ്ജും ഇതില്‍ ഉള്‍ക്കൊള്ളുന്നു. ലാന്‍ഡ് ഓഫ് ദ റൈസിംഗ് സണ്‍ എന്ന പേരില്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ബഹുമതി സൈനികവൃത്തി ഒഴിച്ചുള്ള മറ്റ് വിവിധ മേഖലകളില്‍ വിശിഷ്ടമായ സേവനം കാഴ്ചവെച്ച ആളുകള്‍ക്കാണ് നല്‍കുന്നത്.

മലയാളിയായ ഡോ. ജോര്‍ജ് നാല് തവണ ജപ്പാന്‍ ഫൗണ്ടേഷന്‍ ഫെലോഷിപ്പിന് അര്‍ഹനായിട്ടുണ്ട്. ജപ്പാനിലെ പ്രമുഖ സര്‍വകലാശാലകളായ വസെദ യൂണിവേഴ്സിറ്റി (തോക്യോ), ഇവാതെ യൂണിവേഴ്സിറ്റി (മൊരിഓക), എന്നിവിടങ്ങളില്‍ വിസിറ്റിംഗ് ഫെലോ, ഇന്‍റര്‍നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ ജാപ്പനീസ് സ്റ്റഡീസില്‍ (ക്യോതൊ) വിസിറ്റിംഗ് സ്കോളര്‍, കാന്‍സെയി ഗാകുയിന്‍ യൂണിവേഴ്സിറ്റിയില്‍ (നിഷിണൊമിയ) വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു. ഇന്ത്യയില്‍ ജാപ്പനീസ് പഠനത്തിന് അദ്ദേഹം നല്‍കിയ മികച്ച സംഭാവയ്ക്കുള്ള അംഗീകാരമായി 2016 ല്‍ ജപ്പാന്‍ വിദേശകാര്യ മന്ത്രി അദ്ദേഹത്തിന്  'ജാപ്പനീസ് ഫോറിന്‍ മിനിസ്റ്റേഴ്സ് കമണ്ടേഷന്‍' അവാര്‍ഡ് നല്‍കി ആദരിച്ചു. മിയാസാവ കെന്‍ജിയെക്കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണത്തിനും ബൗദ്ധിക സമ്പാദനത്തിനുമായി ഹാനാമാകി സിറ്റി ഗവണ്‍മെന്‍റ് നല്‍കുന്ന 'മിയാസാവ കെന്‍ജി ഷോറെയിഷോ' അവാര്‍ഡും 2002 ല്‍ ഡോ. ജോര്‍ജ് കരസ്ഥമാക്കിയിട്ടുണ്ട്. അതിനുപുറമേ, ജപ്പാനിലെ വിദേശ വിദ്യാര്‍ത്ഥികളുടെ ജാപ്പനീസ് ഭാഷയിലുള്ള ഉപന്യാസ രചനാ മത്സരത്തിന് 1988 ല്‍ ജപ്പാനിലെ വിദേശകാര്യ മന്ത്രാലയം രണ്ടാം സമ്മാനം നല്‍കിയിട്ടുണ്ട്.

എഡിറ്റിംഗും വിവര്‍ത്തനവുമടക്കം 23 പുസ്തകങ്ങള്‍ ഡോ.ജോര്‍ജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യ, ജപ്പാന്‍, യുഎസ്എ എന്നിവിടങ്ങളില്‍ ജാപ്പനീസ് ഭാഷയിലും ഇംഗ്ലീഷിലുമായി വിവിധ പ്രസിദ്ധീകരണങ്ങളില്‍ 40 ലധികം അക്കാദമിക് പ്രബന്ധങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. ജാപ്പനീസ് കൃതികളെ മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തിയ പ്രശസ്തനായ വിവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം.

കോട്ടയം ആറുമാനൂരിലെ പരേതരായ കണിച്ചിറയില്‍ അബ്രഹാം മേരി ദമ്പതികളുടെ മകനാണ് ഡോ. ജോര്‍ജ്. പാലാ സെന്‍റ് തോമസ് കോളേജിലെ മുന്‍ മലയാളം പ്രൊഫസര്‍ പരേതനായ സി. ജെ സെബാസ്റ്റ്യന്‍റെ മകള്‍ സോഫിയ ആണ് ഭാര്യ. ന്യൂഡല്‍ഹിയിലാണ് താമസം. ഏകമകള്‍ ഹാറുക ജോര്‍ജ് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് ജോലി ചെയ്യുന്നു.