ഇന്ത്യയെ ബഹിരാകാശ ശക്തിയാക്കാൻ സഹായിക്കുന്ന സാങ്കേതിക ആവാസവ്യവസ്ഥ കേരളത്തിലുണ്ടെന്ന് വിദഗ്ധർ
ഇന്ത്യയെ ബഹിരാകാശ മേഖലയിലെ ആഗോള ശക്തിയാക്കാൻ സഹായിക്കുന്ന സാങ്കേതിക ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന് വിദഗ്ധർ. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) കോവളത്ത് സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ 2025 ൻറെ ഏഴാം പതിപ്പിൽ 'എയ്റോസ്പേസ് ആൻഡ് ഡിഫൻസ് ഇന്നൊവേഷൻ' എന്ന സെഷനിലാണ് ഈ അഭിപ്രായമുയർന്നത്.
തിരുവനന്തപുരം: ഇന്ത്യയെ ബഹിരാകാശ മേഖലയിലെ ആഗോള ശക്തിയാക്കാൻ സഹായിക്കുന്ന സാങ്കേതിക ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന് വിദഗ്ധർ. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) കോവളത്ത് സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ 2025 ൻറെ ഏഴാം പതിപ്പിൽ 'എയ്റോസ്പേസ് ആൻഡ് ഡിഫൻസ് ഇന്നൊവേഷൻ' എന്ന സെഷനിലാണ് ഈ അഭിപ്രായമുയർന്നത്.
സ്പേസ്ടെക് മേഖലയിൽ ആഗോളതലത്തിൽ ഇന്ത്യയുടെ യശസ് ഉയർത്താൻ ചെലവ് കുറഞ്ഞ നിർമാണ രീതിയും മികച്ച സാങ്കേതിക വൈജ്ഞാനവുമുള്ള കേരളത്തിൻറെ സ്പേസ് ഇക്കോസിസ്റ്റത്തിന് സാധിക്കുമെന്ന് ടെക്നോപാർക്ക് ആസ്ഥാനമായ സ്പേസ്ടെക് സ്റ്റാർട്ടപ്പ് ഹെക്സ് 20 യുടെ സിഇഒ അമൽ ചന്ദ്രൻ പറഞ്ഞു.
ബഹിരാകാശ, പ്രതിരോധ വ്യവസായങ്ങൾക്ക് അനുയോജ്യമാണ് കേരളത്തിൻറെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ. ഐസ്ആർഒ, വിഎസ്എസ്ഇ, കെ-സ്പേസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സാന്നിധ്യം കേരളത്തിൻറെ ബഹിരാകാശ ആവാസവ്യവസ്ഥയെ സമ്പന്നമാക്കുന്നു. ചൈനയുടെ ബഹിരാകാശ സാങ്കേതിക നിർമ്മാണ മേഖല ഇന്ത്യയേക്കാൾ ചെലവ് കുറഞ്ഞതാണ്. എന്നാൽ മികച്ച വിതരണ ശൃംഖലയിലൂടെ ഇന്ത്യയ്ക്ക് ഈ മേഖലയിൽ മുൻനിരയിലെത്താൻ കഴിയും.
ബഹിരാകാശ സാങ്കേതിക മേഖലയിൽ സ്വകാര്യ മേഖലയുടെ പങ്ക് നിർണായകമാണെന്നും വിക്ഷേപിക്കേണ്ട ഉപഗ്രഹങ്ങളുടെ എണ്ണവും ആവശ്യകതയും സമൂഹത്തിന് നൽകേണ്ട സേവനങ്ങളും സർക്കാരിന് മാത്രം നിറവേറ്റാൻ കഴിയില്ലെന്നും ഐഐഎസ്ടി വൈസ് ചാൻസലർ പ്രൊഫ. ദീപങ്കർ ബാനർജി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 300-ലധികം സ്റ്റാർട്ടപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്. ഇത് അത്ഭുതകരമായ വളർച്ചയാണ്. അക്കാദമിക് മേഖലയും വ്യവസായവും തമ്മിലുള്ള ബന്ധത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും പ്രൊഫ. ബാനർജി ഊന്നിപ്പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യയ്ക്കായി സമർപ്പിത ശ്രമങ്ങൾ നടത്തേണ്ട ഉത്തരവാദിത്തം അക്കാദമിക് സ്ഥാപനങ്ങൾക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് നിയമസാധുത നൽകുന്നതാണ് ഇന്ത്യയുടെ ബഹിരാകാശ നയമെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിൻറെ മാനേജിംഗ് പാർട്ണർ വിശേഷ് രാജാറാം പറഞ്ഞു. സ്വകാര്യ സ്റ്റാർട്ടപ്പുകൾക്ക് ഐഎസ്ആർഒയുടെ വൈദഗ്ധ്യം, വിശ്വാസ്യത, അറിവ് എന്നിവയുമായി ഇടപഴകാനും ആഴത്തിൽ പരിശോധിക്കാനുമുള്ള ചട്ടക്കൂട് ഇത് നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യവസായ-അക്കാദമിക് മേഖലകളുടെ സംയോജനം ബഹിരാകാശ സാങ്കേതിക ആവാസവ്യവസ്ഥയ്ക്ക് വലിയ സാധ്യതകളുണ്ടാക്കുമെന്ന് ഇന്ത്യൻ എയർഫോഴ്സ് വിങ് കമാൻഡർ ഗദ്ദാം സന്ദീപ് അഭിപ്രായപ്പെട്ടു. കപ്പാസിറ്റി ബിൽഡിംഗിൽ സ്റ്റാർട്ടപ്പുകളെ സർക്കാർ ഭാഗമാക്കണമെന്നും മറ്റ് പ്രധാന പ്രതിരോധ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി അവയെ വികസിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. അരുൺ സുരേന്ദ്രൻ മോഡറേറ്ററായിരുന്നു.ഫ്യൂച്ചർ റെഡി കേരള: ഹൗ ക്ലസ്റ്റർ ബേസ്ഡ് അക്കാദമിക് ഇക്കോസിസ്റ്റംസ് കാൻ ഡെലിവർ എൻറർപ്രൈസസ്, ഐപി ആൻഡ് സ്കേലബിൾ സൊല്യൂഷൻസ്" എന്ന വിഷയത്തിലെ ലീഡർഷിപ്പ് ടോക്കിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് സംസാരിച്ചു. തൊഴിലവസരങ്ങൾ, നൈപുണ്യ നവീകരണം, സംരംഭകത്വ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി സംരംഭങ്ങളിലൂന്നി കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ പരിവർത്തനത്തിൻറെ പാതയിലാണെന്ന് അവർ ചൂണ്ടിക്കാട്ടി. തൊഴിൽ സാധ്യത, വിപണി ആവശ്യങ്ങൾ തുടങ്ങിയ നിർണായക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസത്തിലെ നൂതന സാങ്കേതികവിദ്യകളുടെ സംയോജനത്തിന് കൂടുതൽ ഊന്നൽ നൽകുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ ക്യാമ്പസുകളിൽ നിന്ന് പുറത്തുവരുന്ന വിദ്യാർത്ഥികൾക്ക് പലപ്പോഴും തൊഴിൽ ലഭിക്കാത്തത് തൊഴിലില്ലായ്മയും സാമ്പത്തിക അസ്ഥിരതയും വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. പരിശീലനം ലഭിച്ച തൊഴിലാളികളുടെ അഭാവം ഉൽപ്പാദനക്ഷമത കുറയുന്നതിന് കാരണമാകും. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾക്ക് സർക്കാർ മുൻകൈ എടുക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.