എന്റെ കേരളം മേളയിലുണ്ട് സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ  

 

കോട്ടയം: സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് കോട്ടയം നാഗമ്പടത്തെ എന്റെ കേരളം പ്രദർശന നഗരിയിൽ . പവേശന  കവാടത്തിലൂടെ   സ്റ്റാൾ നമ്പർ 3, 4, 5  ലെത്തിയാൽ   ഉയരം, ഭാരം, രക്തസമർദം, പ്രമേഹം, എച്ച്. ബി, ബോഡി മാസ് ഇൻഡക്‌സ് എന്നിവ സൗജന്യമായി പരിശോധിക്കാനാകും. തുടർന്ന് ഫാറ്റ് മെഷീനിലൂടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് രേഖപ്പെടുത്തി ഡയറ്റീഷ്യന്റെ സഹായം തേടാനാകും. ഇ - ഹെൽത്ത് കാർഡ് വിതരണവും ആരോഗ്യ വകുപ്പിന്റെ സ്റ്റാളിലൂടെ നടക്കുന്നുണ്ട്.

പൊതുവിതരണ വകുപ്പ്

റേഷൻ കാർഡ് സംബന്ധമായ എല്ലാ സേവനങ്ങളും നടത്തുന്നതിനുള്ള നിർദേശങ്ങൾ ഈ സ്റ്റാളിൽ ലഭിക്കും (പേര് ചേർക്കൽ - ഒഴിവാക്കൽ, തെറ്റ് തിരുത്തൽ, മേൽവിലാസം തിരുത്തൽ തുടങ്ങിയവ)

ഐ.ടി.മിഷൻ

അക്ഷയ കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന മുഴുവൻ സേവനങ്ങളും സൗജന്യമായി ഐ.ടി.മിഷന്റെ 41,42 സ്റ്റാളുകളിൽ ലഭിക്കും.

ഹോമിയോ വകുപ്പ്

ഹോമിയോ വകുപ്പിന്റെ സ്റ്റാളിൽ  രോഗങ്ങൾക്കു ചികിത്സയും മരുന്നും ലഭിക്കും.  ഹോമിയോ വകുപ്പിന്റെ സത്ഗമയ, ജനനി, സീതാലയം തുടങ്ങി വിവിധ പദ്ധതികൾ പരിചയപ്പെടാനും ചികിത്സയ്ക്കായി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്

അനെർട്ട്  

വീടുകളും  സ്ഥാപനങ്ങളിലും സോളാർ പാനൽ സ്ഥാപിക്കുന്നതിന് രജിസ്‌ട്രേഷൻ നടത്തുന്നതിനും ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുമുള്ള സഹായം ലഭിക്കും.

 ജല അതോറിറ്റി

ജലത്തിന്റെ പി.എച്ച്, കണ്ടക്ടിവിറ്റി, ടർബിഡിറ്റി, ബാക്ടീരിയ, അമോണിയ, ക്ലോറൈഡ് എന്നിങ്ങനെ 11 ഇന പരിശോധനകൾ നടത്താം.

ലീഗൽ മെട്രോളജി

 മുദ്ര ചെയ്യാത്ത  ത്രാസ് ഉപയോഗിച്ച് കച്ചവടം നടത്തുന്നത്, ഉത്പന്നങ്ങളിലെ തൂക്കകുറവ്,  പായ്ക്കിംഗ് രജിസ്‌ട്രേഷൻ ഇല്ലാതെ പായ്ക്കറ്റിൽ ഉത്പന്നങ്ങൾ വിപണനം ചെയ്യൽ എന്നിവ സംബന്ധിച്ച് പരാതികൾ സ്വീകരിക്കും.

സാമൂഹ്യനീതി വകുപ്പ് സ്റ്റാൾ

ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക്  ചികിത്സാ സഹായം നൽകുന്ന  നിരാമയ, മിശ്രവിവാഹ ധനസഹായം, ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 60 വയസിന് മുകളിലുള്ളവർക്ക് ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി, മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ മാതാപിതാക്കൾക്കുള്ള ധനസഹായം തുടങ്ങി വിവിധ പദ്ധതികൾക്ക് അപേക്ഷിക്കുന്നതിനുള്ള സഹായം ലഭിക്കും.