നവകേരള പ്രയാണത്തിനുള്ള നിർദേശങ്ങൾ നവകേരള സദസ്സിലൂടെ ലഭിക്കുന്നു:മന്ത്രി സജി ചെറിയാൻ

 

 നവകേരളത്തിന്റെ പ്രയാണത്തിനാവശ്യമായ നിർദേശങ്ങൾ സ്വീകരിക്കുകയാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നതെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

 വിഴിഞ്ഞത്ത് കോവളം നിയോജക മണ്ഡല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം വിവിധ മണ്ഡലങ്ങളിൽ നിന്നും ലഭിക്കുന്ന ലക്ഷക്കണക്കിന് പരാതികൾ സ്വീകരിച്ചു പരിഹരിക്കുകയാണ്, സംസ്ഥാനം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്ത് പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയകരമായി പൂർത്തീകരിക്കുകയാണ്. ഒന്നര ലക്ഷം കോടി രൂപയുടെ വാർഷികബജറ്റാണ് കേരളത്തിനുള്ളത് ഏകീകൃത നികുതി സംവിധാനത്തിലൂടെ സംസ്ഥാനത്തിന് പരിമിതികളുണ്ടായി. എന്നാൽ സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് മികച്ചതാണ്.

23,000 കോടി നികുതി പിരിച്ച് കേരളം മാതൃകയായി. ധനകാര്യ കമ്മീഷൻ അനുവദിക്കുന്ന വിഹിതം പോലും ഇന്ന് ലഭിക്കുന്നില്ല. കേന്ദ്ര ഗ്രാൻഡിൽ 10% കുറവുണ്ടായി. വായ്പ പരിധി കുറച്ചതിലൂടെ സംസ്ഥാനത്തിന് പ്രതിസന്ധി ഉണ്ടായി. വരുമാന വർധനവ് സാധ്യമാക്കി മികച്ച ജീവിത നിലവാരം സാധ്യമാക്കുക എന്നതാണ് നവകേരള സദസ്സിലൂടെ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. വൻ തോതിലുള്ള ജന പങ്കാളിത്തവും നിർദേശങ്ങളും നവകേരള സൃഷ്ടിക്ക് ഗവൺമെന്റിന് പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.