ഞാറത്തടത്തെ മലിന ജലം കുടിവെള്ളം മുട്ടിക്കുന്ന വിഷയത്തിൽ ഉടൻ നടപടിയെടുത്ത് മന്ത്രി

 

മലപ്പുറം : എടരിക്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡായ ഞാറത്തടത്തുകാരുടെ വർഷങ്ങങ്ങളുടെ ആവശ്യത്തിന് മന്ത്രി വി അബ്ദുറഹിമാന്റെ ഇടെപടലിൽ ഉടൻ പരിഹാരം. ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌കൂളിൽ നടന്ന ‘കരുതലും കൈത്താങ്ങും’-തിരൂരങ്ങാടി താലൂക്ക് തല പരാതി പരിഹാര അദാലത്തിലാണ് പ്രദേശത്തെ കുടിവെള്ളം മുട്ടിക്കുന്ന സ്വകാര്യ ഫ്ലാറ്റിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ പരാതിയുമായി മന്ത്രിയുടെ മുമ്പിലെത്തിയെത്. പ്രദേശത്തെ വീടുകളിലെ കുടിവെള്ളം മുട്ടിച്ചാണ് ഫ്ലാറ്റ് പ്രവർത്തിച്ചിരുന്നത്.

12 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ 170 പേരാണ് താമസിക്കുന്നത്. ഇതോടെ കക്കൂസ് മാലിന്യം സമീപത്തെ കിണറുകളിലേക്ക് എത്തുകയായിരുന്നു. 30 ഓളം വീടുകളിലെ കിണറുകളിലെ കുടിവെള്ളമാണ് ഇതോടെ മലിനമായിരിക്കുന്നത്. ഇവർ വെള്ളം പരിശോധിച്ചതിൽ മാലിന്യമുള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് എടരിക്കോട് പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിങ്കെിലും നടപടിയുണ്ടായില്ല. തുടർന്നാണ് ഞാറത്തടം റെസിഡൻസി കൂട്ടായ്മയുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലെത്തിയത്. വിഷയം ഗൗരവപരമായി പരിശോധിച്ച മന്ത്രി രണ്ടാഴ്ചക്കുള്ളിൽ പരിഹാരം കാണാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കർശന നിർദേശം നൽകി. നടപടിയെടുത്തില്ലെങ്കിൽ വകുപ്പുതല നടപടികൾക്ക് മുതിരുമെന്നും മന്ത്രി പറഞ്ഞു