ജില്ലയിലെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കും : പത്തനംതിട്ട ജില്ലാ കളക്ടര്‍

 

പത്തനംതിട്ട : ജില്ലയിലെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിനായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം, ഐടി മിഷന്‍, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തില്‍ നടത്തുന്ന അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എബിസിഡി) പദ്ധതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

ഇതിനായി പട്ടികവര്‍ഗ വികസന വകുപ്പ് സ്ഥലങ്ങള്‍ കണ്ടെത്തിയ ശേഷം അക്ഷയയുമായി ചേര്‍ന്ന് ക്യാമ്പുകളുടെ എണ്ണം തീരുമാനിക്കണം. വിവിധ രേഖകള്‍ ആവശ്യമുള്ളവര്‍ക്ക് അവ ഒന്നിച്ച് നല്‍കാന്‍ കഴിയണം. നേരത്തെ അപേക്ഷ നല്‍കേണ്ട തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പോലുള്ള രേഖകള്‍ക്ക് അതിനുള്ള അറിയിപ്പ് പിആര്‍ഡി മുഖേന നല്‍കുകയും പട്ടികവര്‍ഗ വികസന വകുപ്പ് വേണ്ട നടപടി സ്വീകരിക്കുകയും വേണം.
അതോടൊപ്പം ആരോഗ്യ ഇന്‍ഷ്വറന്‍സ് രേഖകള്‍ക്ക് ഗുണഭോക്താക്കള്‍ കൂടുതല്‍ ഉള്ളതിനാല്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കണം. ആധികാരിക രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന ഡിജി ലോക്കര്‍ സൗകര്യവും പരമാവധി പ്രയോജനപ്പെടുത്തണം. ആക്ഷന്‍പ്ലാന്‍ തയാറാക്കി നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷ്വറന്‍സ് എന്നിങ്ങനെ ആറ് പ്രധാന രേഖകളും ഡിജി ലോക്കര്‍ സേവനവും ഗുണഭോക്താക്കള്‍ക്ക് നല്‍കും.        
ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷമി, തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാജേഷ് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി, ഐടി സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസ്, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ കെ. ധനേഷ്, കുടുംബശ്രീ ട്രൈബല്‍ ജില്ലാ പ്രോജകട് മാനേജര്‍ ടി.കെ. ഷാജഹാന്‍, ഐടി മിഷന്‍ അസിസ്റ്റന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു, ടിഇഒ എ. നിസാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.