ലഹരി മാഫിയയെ അമര്‍ച്ച ചെയ്ത് ലഹരി മുക്ത നാട് പടുത്തുയര്‍ത്തണം: ഡെപ്യുട്ടി സ്പീക്കര്‍

 

ലഹരി മാഫിയയെ അമര്‍ച്ച ചെയ്യേണ്ടതും ലഹരി മുക്തമായ നാടിനെ പടുത്തുയര്‍ത്തേണ്ടതും നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന 'ലഹരിവിമുക്ത കേരളം' ബോധവല്‍ക്കരണ പ്രചാരണം രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ സമാപനത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ എക്സൈസ് വിമുക്തി മിഷന്റെയും മറ്റ് വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അടൂര്‍ പുതിയ പാലത്തിന് സമീപം സംഘടിപ്പിച്ച 'ലഹരിയില്ലാ തെരുവ്' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

കേരളത്തിലെ ഓരോ തെരുവുകളും ലഹരി മുക്തമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ലഹരിക്കെതിരായുള്ള അവബോധം സൃഷ്ടിക്കലാണ് അതിനായി ചെയ്യേണ്ടത്. വളര്‍ന്നു വരുന്ന യുവജനങ്ങളാണ് നാടിന്റെ പുരോഗതി. യുവജനങ്ങളുടെ ബുദ്ധിശക്തിയേയും കഴിവിനേയും ബാധിക്കുന്ന ലഹരിയുടെ വിപത്തുകളെ ഒറ്റക്കെട്ടായി തുടച്ചു നീക്കാന്‍ നമുക്ക് സാധിക്കണം. വിദ്യാലയങ്ങളിലും കലാലയങ്ങളിലും ലഹരി മാഫിയകള്‍ വളരുന്നു, എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കള്‍ യുവതി, യുവാക്കളും മുതിര്‍ന്നവരും ഉപയോഗിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ഇത്തരം മാഫിയകള്‍ക്കെതിരെ സമൂഹം ഒന്നായി പോരാടണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ഗവ. എല്‍.പി.എസ്. ചൂരക്കോട്, ഗവ. യു.പി.സ്‌കൂള്‍ അടൂര്‍, തട്ട എന്‍.എസ്.എസ് എച്ച്എസ്എസ്, അടൂര്‍ സെന്റ് മേരീസ് എംഎംജി എച്ച്എസ്എസ്, പറക്കോട് അമൃത ബോയ്സ് എച്ച്എസ്, അമൃത ഗേള്‍സ് എച്ച്എസ്, അടൂര്‍ ഹോളി ഏയ്ഞ്ചല്‍ എന്നീ സ്‌കൂളുകളിലെ കുട്ടികളും പറന്തല്‍ മാര്‍ ക്രിസ്റ്റോസ്റ്റം കോളജ്, അടൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്, അടൂര്‍ എസ്എന്‍ഐടി എന്നീ കോളജുകളിലെ വിദ്യാര്‍ഥികളും അടൂര്‍ തപസ്യ കലാക്ഷേത്രം നൃത്ത വിദ്യാലയത്തിലെ കുട്ടികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, അടൂര്‍ ഡിവൈഎസ്പി വി. ബിനു, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍, വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, കുടുംബശ്രീ ജന്‍ഡര്‍ ഡി.പി.എം അനൂപ, ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ എം.വി. വത്സലകുമാരി, അസി. എക്സൈസ് കമ്മീഷണര്‍ രാജീവ് ബി നായര്‍, അടൂര്‍ എക്സൈസ് സിഐ കെ.പി. മോഹന്‍, കവി അടൂര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.