തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ അപൂർവ കൊത്തുപണികളുള്ള കിഴക്കേഗോപുരത്തിന്റെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി
പൗരാണികവും ചരിത്രപരവുമായ അവശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്ന ദക്ഷിണ ഭാരതത്തിലെ മഹാക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. ആയിരത്തിലധികം വർഷം പഴക്കം കണക്കാക്കുന്ന ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവൃത്തികൾക്കാണ് ഇന്ന് തുടക്കമായത്. റിലയൻസ് ഇൻ ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി നൽകുന്ന 10 കോടി രൂപ ഉപയോഗിച്ചാണ് പൗരാണികമായ കിഴക്കേഗോപുരം നവീകരിക്കുന്നത്.
തളിപ്പറമ്പ്: പൗരാണികവും ചരിത്രപരവുമായ അവശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്ന ദക്ഷിണ ഭാരതത്തിലെ മഹാക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. ആയിരത്തിലധികം വർഷം പഴക്കം കണക്കാക്കുന്ന ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവൃത്തികൾക്കാണ് ഇന്ന് തുടക്കമായത്. റിലയൻസ് ഇൻ ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി നൽകുന്ന 10 കോടി രൂപ ഉപയോഗിച്ചാണ് പൗരാണികമായ കിഴക്കേഗോപുരം നവീകരിക്കുന്നത്.
ശങ്കരനാരായണ ഭാവത്തിൽ ശിവനെ ആരാധിക്കുന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ശ്രീരാമൻ ദർശനം നടത്തിയതായി ഐതിഹ്യമുള്ള കവാടമായ കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവൃത്തികൾക്കാണ് തുടക്കമായത്. ക്ഷേത്രത്തോളം പഴക്കമുണ്ടാവുകയില്ലെങ്കിലും ചെങ്കല്ലിൽ അപൂർവമായ കൊത്തുപണികൾ ഉള്ള ഈ ഗോപുരത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ സാധിച്ചിട്ടില്ല.
ചിറ്റാരിക്കാൽ വരക്കാട് സ്വദേശി കുഞ്ഞിരാമന്റെ നേതൃത്വത്തിലാണ് ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുക. വെള്ളിയാഴ്ച്ച രാവിലെ രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടം വച്ച് തൊഴുതശേഷം ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ കുഞ്ഞിരാമന് മുഴക്കോൽ കൈമാറി നവീകരണത്തിന് തുടക്കം കുറിച്ചു. തുടർന്ന് തളിപ്പറമ്പത്തപ്പന്റെ മുന്നിൽ നമസ്ക്കരിച്ച് എല്ലാവരും ചേർന്ന് ക്ഷേത്ര പ്രദക്ഷിണം നടത്തി. കുഞ്ഞിരാമൻ മണിയാണി, ദിലീപ് മണിയാണി, സുരേന്ദ്രൻ മേൽ ആശാരി, ദാമോദരൻ ആശാരി, ബാലകൃഷണൻ ആശാരി, എന്നിവർക്കാണ് നവീകരണത്തിന്റെ നിർമ്മാണ ചുമതല.
റിലയൻസ് ഇൻ ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി അടുത്തകാലത്ത് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോൾ ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തികൾക്കായി നൽകിയ ധനസഹായം ഉപയോഗിച്ചാണ് കിഴക്കേ ഗോപുരത്തിന്റെ നവീകരണം നടത്തുന്നതെന്ന് ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ പറഞ്ഞു.
ആയിരത്തിലധികം വർഷം പഴക്കം കണക്കാക്കുന്ന ഗോപുരത്തിൽ കേരളത്തിൽ തന്നെ അപൂർവമായ ഗജ ലക്ഷ്മിയുടെ രൂപങ്ങളും കൊത്തിയിട്ടുണ്ട്. ഗോപുരത്തിന് സമീപത്ത് കുളം നിർമിക്കുമ്പോൾ കൊത്തിയെടുത്ത കല്ലുകളായിരിക്കാം ഇതിന് ഉപയോഗിച്ചതെന്നും കരുതുന്നുണ്ട്. ചേര രാജാക്കൻമാരുടെ കാലത്തായിരിക്കാം കിഴക്കേ ഗോപുരം നിർമിച്ചതെന്നും സംശയമുണ്ട്.
ഗോപുരത്തിന്റെ കല്ലുകൾ എടുത്ത് ക്ഷേത്രത്തിന് പുറത്ത് അതേ രീതിയിൽ ക്രമീകരിച്ച ശേഷം കേടായ കല്ലുകൾ മാറ്റിയാണ് നവീകരണ പ്രവൃത്തി നടത്തുക. ഒരു വർഷം കൊണ്ട് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ കെ പി വിനയൻ, ട്രസ്റ്റി അംഗങ്ങളായ ടിടി മാധവൻ, പള്ളിക്കൽ സുബ്രമണ്യൻ നമ്പൂതിരി, മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, രതീഷ് ,സി രമേശൻ, ദേവസ്വം എൻജിനീയർ സുനിൽ കുമാർ, ഉപദേശകസമിതി അഗംങ്ങളായ രമേശൻ , രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.