പാലക്കാട് വാണിയംകുളത്ത് പൂട്ടിയിട്ട വീട്ടില്‍ മോഷണം; ഒരു ലക്ഷം രൂപയും വാച്ചും നഷ്ടപ്പെട്ടു

വാണിയംകുളം കിഴക്കേത്രാങ്ങാലിയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം. മൂച്ചിയ്ക്കല്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും റാഡോ വാച്ചും നഷ്ടപ്പെട്ടത്.

 

പാലക്കാട്: വാണിയംകുളം കിഴക്കേത്രാങ്ങാലിയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം. മൂച്ചിയ്ക്കല്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും റാഡോ വാച്ചും നഷ്ടപ്പെട്ടത്. എന്നാല്‍ അലമാരയുടെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 65 പവന്‍ സ്വര്‍ണാഭരണം ഭദ്രമായി തിരിച്ചു കിട്ടി. 

വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഒരാഴ്ചയായി രാത്രി വീട് പൂട്ടി ബാലകൃഷ്ണന്‍ മകളുടെ കവളപ്പാറയിലെ വസതിയിലാണ് ഉറങ്ങാന്‍ പോകുന്നത്. ബാലകൃഷ്ണന്റെ ഭാര്യ ചെന്നൈയില്‍ മകന്റെ കൂടെയാണ് താമസം. ബാലകൃഷ്ണന്‍ ഇന്നലെ രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം മനസിലാക്കിയത്. 

ഇരുനില ടെറസ് വീടിന്റെ ഗ്രില്ലും മറ്റും തകര്‍ത്തിരുന്നു. അലമാര തുറന്ന് വാച്ചും പണവും മോഷ്ടിച്ച നിലയിലാണ്. ഇതേ അലമാരയില്‍ സൂക്ഷിച്ചിരുന്ന 65 പവന്‍ സ്വര്‍ണവും മോഷണം പോയതായി ബാലകൃഷ്ണന്‍ ആദ്യം പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. 

തുടര്‍ന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമായി സ്ഥലത്തെത്തി ഒറ്റപ്പാലം പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ അലമാരയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച സ്വര്‍ണം മോഷണം പോയിട്ടില്ലെന്ന് കണ്ടെത്തി. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.