പാലക്കാട് ഹോട്ടലിലും വര്‍ക്ക്‌ഷോപ്പിലും കവര്‍ച്ച : പ്രതി പിടിയില്‍

ചന്ദ്രനഗറില്‍ ഹോട്ടലിലും കാര്‍ വര്‍ക്ക്‌ഷോപ്പിലും കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കന്യാകുമാരി മാര്‍ത്താണ്ഡം മരുതംകോട് മഞ്ഞക്കുളം തവലകത്ത് പുത്തന്‍

 

പാലക്കാട്: ചന്ദ്രനഗറില്‍ ഹോട്ടലിലും കാര്‍ വര്‍ക്ക്‌ഷോപ്പിലും കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കന്യാകുമാരി മാര്‍ത്താണ്ഡം മരുതംകോട് മഞ്ഞക്കുളം തവലകത്ത് പുത്തന്‍ വീട്ടില്‍ അനീഷ് എന്ന ശിവകുമാറിനെ(48)യാണ് പാലക്കാട് കസബ പോലീസ് പിടികൂടിയത്. കഴിഞ്ഞ മെയ് 21 ന് ചന്ദ്രനഗറിലെ ഹോട്ടലില്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയും ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും 25,000 രൂപയും ആപ്പിള്‍ മൊബൈല്‍ ചാര്‍ജറും മോഷ്ടിച്ചു. തുടര്‍ന്ന് ചന്ദ്രനഗറിലെ കാര്‍ വര്‍ക്ക്‌ഷോപ്പിന്റെ ഓഫീസ് റൂമിനകത്ത് കയറി 6000 രൂപയുമാണ് കവര്‍ന്നത്.

ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കാത്ത പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം നടത്തി വരുന്നതിനിടെ മറ്റൊരു കളവിനായി വരുന്നതിനിടയില്‍ പാലക്കാട് ടൗണില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മുമ്പ് സമാന രീതിയില്‍ ഉള്ള കേസുകളില്‍ പ്രതിയാണ്. ഹോട്ടലുകള്‍, കടകള്‍, ഓഫീസ്, വീടുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ കളവ് നടത്തുകയും കിട്ടുന്ന പണം മദ്യത്തിനും ലഹരിക്കും ഉപയോഗിച്ച് കേരളം, തമിഴ്‌നാട് യാത്ര ചെയ്ത് കളവ് നടത്തുന്നതാണ് രീതി. ഒരു ദിവസം നിരവധി കളവുകള്‍ ചെയ്യുന്ന സ്വഭാവക്കാരനാണെന്നും പോലീസ് പറഞ്ഞു. സ്ഥിരമായി താമസ സ്ഥലം ഇല്ലാതെ പല ഭാഗങ്ങളില്‍ കളവിനായി നടക്കുന്നതാണ് രീതി.

പാലക്കാട് കസബ ഇന്‍സ്‌പെക്ടര്‍ എം. സുജിത്ത്, എസ്.ഐ എച്ച്. ഹര്‍ഷാദ്, വിപിന്‍, മനോജ് കുമാര്‍, യേശുദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ആര്‍. രാജീദ്, സായൂജ്, സുനില്‍, ശ്രീലത എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.