പാലക്കാട് കാടുവെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവം: അന്വേഷണം ഊർജിതമാക്കി പോലീസ്
കാടുവെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
പാലക്കാട്: കാടുവെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പ്രദേശത്ത് നിന്ന് കാണാതായ അസ്ക്കർ എന്ന യുവാവിൻ്റെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മണ്ണാർക്കാട് പള്ളിക്കറുപ്പിൽ പള്ളിപ്പറമ്പിൽ കാടുവെട്ടുന്നതിനിടെ അസ്ഥികൂടം കണ്ടെത്തിയത്. തൊഴിലാളികളായിരുന്നു കാട് വെട്ടുന്നതിനിടെ മരച്ചുവട്ടിൽ അസ്ഥികൂടം കണ്ടത്. ഉടൻ പള്ളിക്കറുപ്പ് പള്ളിഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു.
മണ്ണാ൪ക്കാട് പൊലീസും സ്ഥലത്തെത്തി. വിശദ പരിശോധനയിൽ മരക്കൊമ്പിന് മുകളിൽ തുണിക്കഷ്ണങ്ങളും കണ്ടു. കെട്ടിത്തൂങ്ങാനുപയോഗിച്ച തുണിയാണിതെന്നാണ് പൊലീസ് നിഗമനം. സംഭവ സ്ഥലത്തുനിന്ന് നീളത്തിലുള്ള മുടിയിഴകൾ കണ്ടെത്തി. അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
അതേസമയം സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കുറിച്ചും പൊലീസ് അന്വഷണം ഊർജിതമാക്കി. ഫോറൻസിക് വിഭാഗത്തിൻറെ പരിശോധനയ്ക്കു ശേഷം അസ്ഥികൂടം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.