സപ്ലൈകോ പാലക്കാട് ജില്ലാ ഓണം ഫെയറിന് വൻ വരവേൽപ്പ്; ആകർഷകമായ ഓഫറുകളും സമ്മാനപദ്ധതികളും
ഓണക്കാല വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ജനങ്ങൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാനുമായി സപ്ലൈകോ കോട്ടമൈതാനത്ത് ഒരുക്കിയ ജില്ലാ ഓണം ഫെയറിന് വൻസ്വീകാര്യത
പാലക്കാട് : ഓണക്കാല വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ജനങ്ങൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാനുമായി സപ്ലൈകോ കോട്ടമൈതാനത്ത് ഒരുക്കിയ ജില്ലാ ഓണം ഫെയറിന് വൻസ്വീകാര്യത. ഓഗസ്റ്റ് 13ന് ആരംഭിച്ച മേളയിൽ ഇതുവരെ 1,588 ഉപഭോക്താക്കളിലായി 15,73,302 രൂപയുടെ വിറ്റുവരവ് ഉണ്ടായാതായി സപ്ലൈകോ പാലക്കാട് ഡിപ്പോ മാനേജർ അറിയിച്ചു. ഇതിൽ സബ്സിഡി ഇനത്തിൽ 7.20 ലക്ഷം രൂപയുടെയും നോൺ-സബ്സിഡി ഇനത്തിൽ 8.53 ലക്ഷം രൂപയുടെയും വിൽപന നടന്നു. രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തനസമയം. ജില്ലാ ഫെയറിന് പുറമെ, ഓഗസ്റ്റ് 20 മുതൽ 25 വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണം ഫെയറുകൾ ഉണ്ടായിരിക്കും.
13 ഇനം അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിലാണ് സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്നത്. പൊതുവിപണിയിൽ കിലോയ്ക്ക് 308 രൂപയോളം വിലയുള്ള വറ്റൽ മുളക് 136.50 രൂപയ്ക്കും, 140 രൂപയ്ക്ക് മുകളിലുള്ള പരിപ്പ്, ഉഴുന്ന്, ചെറുപയർ എന്നിവ യഥാക്രമം 83, 87, 85 രൂപ നിരക്കിലും ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ 249 ആയിരുന്ന വെളിച്ചെണ്ണ കഴിഞ്ഞദിവസം മുതൽ 229 രൂപയ്ക്ക് ലഭ്യമാണ്. പഞ്ചസാര, വിവിധയിനം അരികൾ, കടല, വൻപയർ, മല്ലി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെല്ലാം പൊതുവിപണിയേക്കാൾ വലിയ വിലക്കുറവിലാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. 27 രൂപയുടെ പുഴുക്കലരി ഒരു കാർഡിന് 20 കിലോയും വാങ്ങാം. ഇതിനുപുറമെ സപ്ലൈകോയുടെ 'ശബരി' ഉൽപ്പന്നങ്ങൾ, കറി പൗഡറുകൾ, ചായപ്പൊടി, പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പ്രത്യേക കോമ്പോ ഓഫറുകളും വൻ വിലക്കിഴിവുകളും ഫെയറിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മിൽമ, ഹോർട്ടികോർപ്പ് തുടങ്ങിയ സർക്കാർ ഏജൻസികളുടെ സ്റ്റാളുകൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഓണത്തിനാവശ്യമായ പച്ചക്കറിയും പാലും ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും ഒരൊറ്റ കുടക്കീഴിൽ വാങ്ങാൻ സാധിക്കും.
റേഷൻ കടകൾ വഴി എ.എ.വൈ (മഞ്ഞ കാർഡ്) കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കും തുണിസഞ്ചി ഉൾപ്പെടെ 16 ഇനങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നതിനൊപ്പം, പൊതുജനങ്ങൾക്കായി ആകർഷകമായ വിലയിൽ നാലുതരം പ്രത്യേക ഓണക്കിറ്റുകളും സപ്ലൈകോ അവതരിപ്പിച്ചിട്ടുണ്ട്. 21 ഇനങ്ങൾ അടങ്ങിയ 'അത്തം കിറ്റ്' (1000 രൂപ), 25 ഇനങ്ങൾ അടങ്ങിയ 'ഉത്രാടം കിറ്റ്' (1500 രൂപ), 30 ഇനങ്ങൾ അടങ്ങിയ 'തിരുവോണം കിറ്റ്' (2000 രൂപ) എന്നിവയ്ക്ക് പുറമെ ശബരിയുടെ ഒമ്പത് വ്യത്യസ്ത ഉൽപ്പന്നങ്ങൾ അടങ്ങിയ 'ശബരി സിഗ്‌നേച്ചർ കിറ്റ്' വെറും 299 രൂപയ്ക്കും ലഭ്യമാണ്.
ഉപഭോക്താക്കൾക്കായി ആവേശകരമായ സമ്മാനപദ്ധതികളാണ് ഇത്തവണ സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. ഫെയറിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി 500 രൂപ, 1000 രൂപ നിരക്കുകളിലുള്ള ഓണം ഗിഫ്റ്റ് കാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഗിഫ്റ്റ് കാർഡുകൾ റെഡീം ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ലാപ്‌ടോപ്പ് സമ്മാനമായി നൽകും. കൂടാതെ, 1000 രൂപയുടെ ഓരോ പർച്ചേസിനും നൽകുന്ന ഗിഫ്റ്റ് കൂപ്പൺ വഴി ഹീറോ മാവ്‌റിക് 440 മോട്ടോർ സൈക്കിൾ, സ്വർണ നാണയങ്ങൾ, വാഷിംഗ് മെഷീൻ, സ്മാർട്ട് ഫോണുകൾ തുടങ്ങി ഒട്ടനവധി ആകർഷക സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഇതിനുപുറമെ 1500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് 100 രൂപയുടെ ബോണസ് കൂപ്പണും നൽകുന്നുണ്ട്. മിതമായ വിലയും ഗുണമേന്മയും ആകർഷകമായ സമ്മാനങ്ങളുമായി ഓഗസ്റ്റ് 25 വരെ സജ്ജമായിരിക്കുന്ന സപ്ലൈകോ ഓണം ഫെയറിന്റെ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.