വേനൽക്കാല പ്രതിരോധം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പലക്കാട് ജില്ലാ കലക്ടർ

വേനൽച്ചൂട് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ  മാധവിക്കുട്ടി എം.എസ്. ജില്ലയിലെ വേനൽക്കാല പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന ഓൺലൈൻ യോഗത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത സഹകരണം അനിവാര്യമാണെന്ന് ജില്ല കളക്ടർ വ്യക്തമാക്കി. അതത് വകുപ്പുകളുടെ അധീനയിൽ വരുന്ന കാര്യങ്ങളിൽ കർശന നിരീക്ഷണം ഉറപ്പാക്കാനും നിർദേശിച്ചു.

 

പലക്കാട് : വേനൽച്ചൂട് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ  മാധവിക്കുട്ടി എം.എസ്. ജില്ലയിലെ വേനൽക്കാല പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന ഓൺലൈൻ യോഗത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത സഹകരണം അനിവാര്യമാണെന്ന് ജില്ല കളക്ടർ വ്യക്തമാക്കി. അതത് വകുപ്പുകളുടെ അധീനയിൽ വരുന്ന കാര്യങ്ങളിൽ കർശന നിരീക്ഷണം ഉറപ്പാക്കാനും നിർദേശിച്ചു.

കുടിവെള്ളം ദൗർലഭ്യമുള്ള  പ്രദേശങ്ങളിൽ ടാങ്കർലോറികൾ മുഖേന കുടിവെള്ളം എത്തിക്കുന്നുണ്ട്. അതേസമയം, കുടിവെള്ള സ്രോതസുകളായ ജലാശയങ്ങൾ  മലിനമാക്കുന്നവർക്കെതിരേ കനത്തപിഴ ഈടാക്കാനും പരിശോധന ശക്തമാക്കാനും തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്ക് നിർദേശം നൽകി. വിനോദസഞ്ചാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ഊർജിതമാക്കും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ഉഷ്ണതരംഗ പ്രതിരോധ കർമപദ്ധതി (Local Heat Action Plan) തയ്യാറാക്കിവരുന്നു.

വനാതിർത്തികളിൽ പ്രത്യേകശ്രദ്ധ നൽകിവരുന്നു. കാട്ടുതീ, വന്യമൃഗ ആക്രമണം എന്നിവയ്ക്കെതിരേ മുൻകരുതലുകൾ സ്വീകരിക്കും. വനംവകുപ്പിന്റെ സ്ക്വാഡ് നടത്തുന്ന പരിശോധന തുടരും. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഫയർ ഓഡിറ്റ് നടത്തിയിട്ടുണ്ട്.  വാട്ടർ അതോറിറ്റിയുടെ പമ്പ്ഹൗസ് മുഖേനയുള്ള ജലവിതരണം സുഗമമാക്കുന്നതിന് വോൾട്ടേജ് പ്രശ്നങ്ങൾ പരിഹരിക്കും. വകുപ്പുകളുടെ നേതൃത്വത്തിൽ നൽകുന്ന പി.എസ്.സി പരിശീലന ക്ലാസുകൾ ഓൺലൈനായാണ് നടത്തുന്നതെന്ന് ഉറപ്പാക്കാനും യോഗത്തിൽ നിർദേശം നൽകി.

വേനൽക്കാലത്ത് തുറസായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ സമയക്രമീകരണം പാലിക്കുന്നത് ഉറപ്പാക്കാൻ നിരന്തരപരിശോധനയും തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്നതായും അറിയിച്ചു.
തൃശൂരിലെ വെടിക്കെട്ട്പുരയിൽ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ  വെടിക്കെട്ട്പുരകളിൽ പരിശോധന നടത്താൻ നിർദേശം നൽകി. അനധികൃതമായതും മാർഗനിർദേശങ്ങൾക്ക് അനുസൃതമല്ലാതെയാണോ ഇത്തരം പ്രവർത്തനങ്ങളെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും.