ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണം:  റോയ് കെ. പൗലോസ് എം.എല്‍.എ

 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എക്‌സൈസ് വിമുക്തി മിഷന്‍ ജില്ലാതല പരിപാടി സംഘടിപ്പിച്ചു. കട്ടപ്പന മുന്‍സിപ്പല്‍ ഹാളില്‍ നടന്ന പരിപാടി റോയ് കെ. പൗലോസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

 

പലാക്കാട് :  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എക്‌സൈസ് വിമുക്തി മിഷന്‍ ജില്ലാതല പരിപാടി സംഘടിപ്പിച്ചു. കട്ടപ്പന മുന്‍സിപ്പല്‍ ഹാളില്‍ നടന്ന പരിപാടി റോയ് കെ. പൗലോസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലഹരിക്ക് അടിമകളാകുന്നത് യുവാക്കളും കുട്ടികളുമാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്ന് എം.എല്‍.എ പറഞ്ഞു.  ലഹരിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാകണം. അത് വരും തലമുറയോട് നാം ചെയ്യേണ്ട ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  
 
നഗരസഭാ ചെയര്‍മാന്‍ ജോയ് വെട്ടുകുഴി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബേബി കുര്യന്‍,  ഗവ. ട്രൈബല്‍ എച്ച്.എച്ച്.എസ് പ്രിന്‍സിപ്പല്‍ മിനി ഐസക്,   അസി. എക്‌സൈസ് കമ്മിഷണര്‍ പ്രദീപ് കുമാര്‍, തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് അധ്യാപകന്‍ ജോസഫ് സിറിയക്,   ഇടുക്കി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജികുമാര്‍ വി.ആര്‍, കട്ടപ്പന എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അതുല്‍ ലോനന്‍, വിമുക്തി ജില്ലാമാനേജര്‍ ഹരികുമാര്‍ പി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.  ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പ്രിന്‍സ് ബാബു ലഹരി വിരുദ്ധ സന്ദേശം നല്‍കി.  ഇടുക്കി സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ്  ഓഫീസര്‍ ഡെനിസണ്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തങ്കമണി റേഞ്ചിലെ പ്രിവെന്റീവ് ഓഫീസര്‍ ബിനു ജോസഫ് ബോധവത്കരണ ക്ലാസ് നയിച്ചു.
സെന്റ്. ജോര്‍ജ് ഹൈസ്‌കൂള്‍, ഗവ. ട്രൈബല്‍ എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.