റിപ്പബ്ലിക് ദിനാഘോഷം:പാലക്കാട് ജില്ലയിൽ അവലോകന യോഗം ചേർന്നു
പാലക്കാട് : ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ എ.ഡി.എം കെ. സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ജനുവരി 26-ന് രാവിലെ ഒൻപതിന് കോട്ടമൈതാനത്താണ് ആഘോഷപരിപാടികൾ നടക്കുക. എ.ആർ പൊലീസ്, കെ.എ.പി, ലോക്കൽ പൊലീസ്, എക്‌സൈസ്, ഹോം ഗാർഡ്സ്, ഫയർ ആൻഡ് റെസ്‌ക്യൂ, വാളയാർ ഫോറസ്റ്റ് സ്‌കൂൾ ട്രെയിനികൾ , എൻ.സി.സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരേഡ് സംഘടിപ്പിക്കാൻ എ.ആർ ക്യാമ്പ് കമാൻഡറെ ചുമതലപ്പെടുത്തി.
പരേഡിന്റെ പരിശീലനം ജനുവരി 22, 23, 24 തീയതികളിൽ നടക്കും. ആഘോഷത്തിന്റെ ഭാഗമായി കർശനമായ സുരക്ഷാക്രമീകരണങ്ങളും ഗ്രീൻ പ്രോട്ടോക്കോളും പാലിക്കാൻ യോഗം നിർദ്ദേശം നൽകി. പരേഡ് പരിശീലന ദിവസങ്ങളിലും ആഘോഷ ദിനത്തിലും മെഡിക്കൽ സംഘത്തിന്റെ സാന്നിധ്യം ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പാക്കും. വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. വേദിയുടെ ഫിറ്റ്നസ് പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. ദേശീയ പതാക ഉപയോഗിക്കുമ്പോൾ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എ.ഡി.എം അറിയിച്ചു. കോട്ടമൈതാനം ശുചീകരിക്കുന്നതിന് നഗരസഭയെയും സുരക്ഷാ ക്രമീകരണങ്ങൾക്കായി പൊലീസിനെയും ഫയർ ഫോഴ്‌സിനെയും ചുമതലപ്പെടുത്തി. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.