പാലക്കാട് നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ യുവതി പിടിയില്‍

നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ യുവതി പിടിയില്‍. കടുക്കാംകുന്നം ഉപ്പുപൊറ്റ മണികണ്ഠന്റെ ഭാര്യ അംബിക(39)യെ ആണ് മലമ്പുഴ പോലീസ് അറസ്റ്റു ചെയ്തത്.

 

പാലക്കാട്: നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ യുവതി പിടിയില്‍. കടുക്കാംകുന്നം ഉപ്പുപൊറ്റ മണികണ്ഠന്റെ ഭാര്യ അംബിക(39)യെ ആണ് മലമ്പുഴ പോലീസ് അറസ്റ്റു ചെയ്തത്. ഒലവക്കോട്ടെ സ്വകാര്യ സ്‌കൂള്‍, നഗരത്തിലെ എയ്ഡഡ് കോളജ് എന്നിവിടങ്ങളിലേക്ക് കൊടുവായൂരില്‍നിന്നും യൂണിഫോം സാരി വാങ്ങി വിതരണം ചെയ്ത് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും പല ആളുകളുടെയും ഫോണ്‍ നമ്പറുകള്‍ നല്‍കി ആള്‍മാറാട്ടം നടത്തിയും കടുക്കാംകുന്നം സ്വദേശിനി തസ്ലീമയുടെ 8.62 ലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തത്.

കടുക്കാംകുന്നം സ്വദേശിനി ചന്ദ്രിക(62)യെ പങ്കാളിത്തത്തോടെ കാറ്ററിങ് നടത്തി ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും ആള്‍മാറാട്ടവും വിശ്വാസവഞ്ചനയും നടത്തി 11 ലക്ഷവും തട്ടിയെടുത്തു. സമാന കുറ്റത്തിന് ഇവര്‍ക്കെതിരെ ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലും കേസുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേരില്‍ നിരവധി ചെക്ക് കേസ് വാറണ്ടുകളുമുണ്ടെന്ന് പറയുന്നു.

മലമ്പുഴ സ്റ്റേഷനില്‍ യുവതിക്കെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലമ്പുഴ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം. സുജിത്തിന്റെ നിര്‍ദേശപ്രകാരം എസ്.ഐമാരായ രംഗനാഥന്‍, ഷാജഹാന്‍, എ.എസ്.ഐമാരായ രമേഷ്, മിനി, സി.പി.ഒമാരായ രമ്യ, സന്ധ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.