പാലക്കാട് ലഹരി ഗുളികയുമായി രണ്ടുപേര്‍ പിടിയില്‍
പാലക്കാട്: 29.07 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് മണ്ണാര്‍ക്കാട് സ്വദേശികള്‍ പിടിയില്‍. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി മണ്ണാര്‍ക്കാട് പോലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഥാര്‍ വാഹനത്തില്‍ കടത്തിയ 29.07 ഗ്രാം മെത്താഫെറ്റമിനുമായി മണ്ണാര്‍ക്കാട് നൊട്ടമലയില്‍ വെച്ച് രണ്ടുപേരെ പിടികൂടിയത്. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ തിട്ടുമ്മല്‍ മൊതിരപീടിക വീട് ഫഹദ് ഹുസൈന്‍ (29), പെരുമ്പിടാരി താഴത്തേതില്‍ വീട്ടില്‍ നിസാര്‍ (30) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്.
ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഥാര്‍ പോലീസ് പിടിച്ചെടുത്തു. മണ്ണാര്‍ക്കാട് പരിസര പ്രദേശങ്ങളിലെ ലഹരി വില്പനയുടെ പ്രധാന കണ്ണികളായ പ്രതികള്‍ കുറച്ച് ദിവസമായി പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതികളുള്‍പ്പെടുന്ന ലഹരി വില്പന സംഘത്തെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. സബ് ഇന്‍സ്‌പെക്ടര്‍ ടി.വി. ഋഷിപ്രസാദിന്റെ നേതൃത്വത്തിലുള്ള മണ്ണാര്‍ക്കാട് പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി മയക്കുമരുന്ന് പിടികൂടിയത്.